അമച്വർ നാടകോത്സവം നാളെ ആരംഭിക്കും
1339920
Monday, October 2, 2023 1:37 AM IST
വാഴക്കുളം: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജ്വാല സാംസ്കാരിക വേദിയുടെ സഹകരണത്തോടെ നടത്തുന്ന സംസ്ഥാനതല അമച്വർ നാടകോത്സവം വാഴക്കുളത്ത് നാളെ ആരംഭിക്കും.
വൈകുന്നേരം 5.30ന് വാഴക്കുളം ചാവറ സിഎംഐ ഇന്റർനാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം ചെയ്യും.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിക്കും. ജ്വാല സാംസ്കാരിക വേദി പ്രസിഡന്റ് ഒ.എം ജോർജ് ആമുഖപ്രഭാഷണം നടത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തും.
സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ജോണ് ഫെർണാണ്ടസ്, സംഗീതനാടക അക്കാദമി അംഗം കെ.എസ്. പ്രസാദ്, സ്വാഗതസംഘം ഉപ രക്ഷാധികാരി ജോസ് പെരുന്പിള്ളിക്കുന്നേൽ, മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, വാഴക്കുളം കർമല ആശ്രമ ശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേൽ, സംഗീത നാടക അക്കാദമി അംഗം സഹീർ അലി തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് 6.30ന് ‘അകലെ അകലെ മോസ്കോ’ നാടകം അരങ്ങേറും. നാലിന് വൈകുന്നേരം 6.30ന് ‘സ്വൈരിത പ്രയാണം’, അഞ്ചിന് ‘പ്ലാംയാ ല്യൂബ്യുയ്’, ആറിന് കുരുത്താലി എന്നീ നാടകങ്ങളും അരങ്ങേറും.
അമച്വർ നാടകവേദിയുടെ പ്രോത്സാഹനത്തിനായി സംഗീത നാടക അക്കാദമി ആദ്യഘട്ടത്തിൽ 25 ഉം, രണ്ടാം ഘട്ടത്തിൽ 20 നാടകങ്ങൾക്കുമാണ് രണ്ടു ലക്ഷം വീതം ധനസഹായം നൽകിയിട്ടുള്ളത്.