സംസ്ഥാനത്ത് എയർഗൺ ആക്രമണങ്ങൾ ഏറുന്നു; വില്പനയും
1339903
Monday, October 2, 2023 1:24 AM IST
കൊച്ചി: സംസ്ഥാനത്ത് എയര്‍ ഗണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ ആറ് സംഭവങ്ങളിലായി മൂന്ന് പേര്‍ക്കാണ് എയര്‍ ഗണ്‍ ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
ആറുപേര്‍ അറസ്റ്റിലുമായി. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആലുവയിലാണ്. വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹൈക്കോടതി ജീവനക്കാരനായ തോമസ് എയര്‍ഗണ്‍ ഉപയോഗിച്ച് ജ്യേഷ്ഠന് പോള്‍സണെ കൊലപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് ഓഗസ്റ്റ് 27ന് പൊന്നാനി പെരുമ്പടപ്പ്, 28ന് ആലപ്പുഴ പള്ളിപ്പാട് എന്നിവിടങ്ങളിലാണ് ആലുവയ്ക്ക് പുറമേ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കലൂര്‍ ജനഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം അഭിഭാഷകന് വെടിയേറ്റത്, ചേര്‍ത്തലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റത്, കണ്ണൂര്‍ പാനൂരില്‍ മദ്യപിച്ചെത്തിയ പിതാവ് മകനെ എയര്‍ഗണ്ണിന് വെടിവച്ചത് എന്നിവയാണ് മറ്റു സംഭവങ്ങള്‍.
ലൈസന്‍സ് വേണ്ട
എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കൂടുമ്പോഴും ഇത്തരം തോക്കുകളുടെ വില്പനയും കുതിച്ചുയരുകയാണ്. കൃഷിയിടങ്ങളിലെ ചെറുജിവികളെയും പക്ഷികളെയും നശിപ്പിക്കാനാണ് വിദേശങ്ങളില്‍ സാധാരണ എയര്‍ഗണ്‍ ഉപയോഗിക്കാറ്.
എന്നാല്‍ സംസ്ഥാനത്ത് സ്വയരക്ഷയ്ക്കായും എയര്‍ ഗണ്‍ കൈയില്‍ കരുതുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലൈസന്‍സ് വേണ്ട, ഒരു തിരിച്ചറിയല്‍ രേഖയും കൈയില്‍ കാശുമുണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമാക്കാം.
അതാണ് എയര്‍ഗണ്ണിനെ ജനപ്രിയമാക്കിയതും. യഥാര്‍ഥ തോക്കുകൾക്ക് ലൈസന്‍സ് കർശനമാക്കിയതോടെയാണ് ലൈസന്‍സ് വേണ്ടാത്ത എയര്‍ഗണ്ണിന് ആവശ്യക്കാരേറിയതെന്ന് വ്യാപാരികളും പറയുന്നു.
1,000 മുതല്‍ 10,000 രൂപവരെ വരുന്ന ഇന്ത്യന്‍ എയര്‍ പിസ്റ്റളുകളും 2250 മുതല്‍ 32,000 രൂപവരെ വരുന്ന എയര്‍ റൈഫിളുകളും വിപണിയിലുണ്ട്. ജര്‍മന്‍ നിർമിത പിസ്റ്റളുകള്ക്കാണ് ഏറെ ഡിമാൻഡ്. അലങ്കാരവസ്തുവായി എയര്‍ ഗണ്‍ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്.