ബ്രഹ്മപുരം മാലിന്യ കരാറിൽ വന്‍ ക്രമക്കേട് കണ്ടെത്തി സിഎജി റിപ്പോര്‍ട്ട്
1337162
Thursday, September 21, 2023 5:46 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ കീഴിലുള്ള ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ സംസ്കരണ നടപടികളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. മാലിന്യ സംസ്കരണത്തിന് വ്യവസ്ഥകള്‍ പാലിക്കാതെ കരാര്‍ നല്കിയതു തുടങ്ങി സംസ്കരിക്കാത്ത മാലിന്യത്തിന് പണം നല്‍കിയത് വരെ ഓരോ ക്രമക്കേടും അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ബ്രഹ്മപുരത്ത് വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതുകൂടിയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള സിഎജി റിപ്പോര്‍ട്ട്.
മാലിന്യ സംസ്കരണത്തിന് കരാര്‍ ഏറ്റെടുത്ത എന്‍വയ്റോണ്‍ ഗ്രീന്‍ എന്ന സ്വകാര്യ കമ്പനിക്ക് 2016 മുതല്‍ 2021 വരെയുള്ള അഞ്ചു വര്‍ഷത്തിനിടെ 11.72 കോടി രൂപ കോര്പറേഷന് അധികം നല്‍കിയെന്നതാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ഗുരുതരമായ ക്രമക്കേടുകളിലൊന്ന്. മരാമത്ത് കരാറുകാര്‍ക്ക് കുടിശിക പോലും നല്കാന് പണമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് ഒരു പണിയും ചെയ്യാതെ ഇത്രയും തുക കരാറുകാരന് നല്‍കിയത്.
പ്രതിദിനം 250 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പ്ലാന്റില്‍ 211 ടണ്‍ മാലിന്യമാണ് എത്തിച്ചിരുന്നത്. ഇതില്‍ സംസ്കരിച്ചതാകട്ടെ 69 ടണ്ണും. അതായത് 33 ശതമാനം മാത്രം. എന്നിട്ടും 211 ടണ്‍ മാലിന്യത്തിന്റെ സംസ്കരണ തുകയായ 11.72 കോടി രൂപ മുന്‍കൂറായി നല്‍കിയെന്നാണ് കണ്ടെത്തല്‍. അഞ്ചുവര്‍ഷത്തെ കണക്ക് മാത്രമാണിത്. 2012 മുതല്‍ ബ്രഹ്മപുരത്തു തീപിടിച്ച 2023 മാര്‍ച്ച് വരെ കരാര്‍ നിലവിലുണ്ടായിരുന്നു. അപ്പോള്‍ അധികമായി നല്കിയ കോടികള്‍ ഇനിയുമേറെ ഉണ്ടാകും.
ഈ കമ്പനിക്ക് വ്യവസ്ഥകളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് കരാര്‍ നല്‍കിയതെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 2012 ജനുവരി മുതലാണ് എന്‍വയ്റോണ്‍ ഗ്രീന്‍ എന്ന കമ്പനിക്കാണു കരാര്‍ നല്‍കിയിരുന്നത്. അഞ്ചു ലക്ഷമോ അതില്‍ കൂടുതലോ എസ്റ്റിമേറ്റുള്ള പ്രവൃത്തികള്‍ നല്കുമ്പോള് ഇ-ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നു 2015 നവംബറില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോര്പറേഷന് അതു പാലിച്ചില്ല.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചു 2012 മുതല്‍ 2021 വരെ ഇതേ കരാറുകാരനു കാലാവധി നീട്ടി നല്കി. പിന്നീട് 2022 ല്‍ നിലവിലുള്ള കരാര്‍ റദ്ദാക്കി ടെന്‍ഡര്‍ നടപടികളിലൂടെ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന മറ്റൊരു കമ്പനിക്ക് കരാര്‍ നല്കി. അപ്പോഴും കരാര്‍ വ്യവസ്ഥകള്‍ പഴയതു തന്നെയായിരുന്നു. മാലിന്യം സംസ്കരിക്കുന്നതിന്റെ അളവ് ഇരു കക്ഷികളും സംയുക്തമായി പരിശോധിച്ച് നിശ്ചയിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല.
സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുമായി കൊച്ചി കോര്പറേഷന് ഉണ്ടാക്കിയ കരാര്‍ പ്രകാരം ജൈവ മാലിന്യങ്ങള്‍ മാത്രമേ ബ്രഹ്മപുരത്തേക്കു കൊണ്ടു പോകാന്‍ പാടുള്ളൂവെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ 79,996 ടണ്‍ തരംതിരിക്കാത്ത മാലിന്യം ഇക്കാലയളവില്‍ കൊണ്ടുവന്നു തള്ളി.
2021 ജൂണില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി കാലിക്കറ്റ്) വിദഗ്ധ സംഘം ബ്രഹ്മപുരത്ത് നടത്തിയ സര്‍വേയില്‍ ഭൂനിരപ്പിനു മുകളില്‍ 3.25 ലക്ഷം ഘനമീറ്ററും താഴെ 2.26 ലക്ഷം ഘനമീറ്ററും മാലിന്യം കെട്ടിക്കിടക്കുന്നുവെന്ന് കണ്ടെത്തല്‍. ഇങ്ങനെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ ബയോമൈനിംഗിന് സോണ്ട ഇന്‍ഫ്രാ ടെക്കിന് നല്കിയ കരാറിലും ക്രമക്കേടുകള്‍ ഉണ്ടായെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ട്.
വെള്ളാനയായി മാറിയ ബയോമൈനിംഗ് കരാര്‍
സമീപത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പടെ 2016 മുതല്‍ 2021 വരെ 3.85 ലക്ഷം ടണ്‍ മാലിന്യമാണു ബ്രഹ്മപുരത്ത് എത്തിച്ചത്. ഇതില്‍ ഒരു ലക്ഷം ടണ്‍ മാലിന്യം മാത്രമാണു എന്‍വയ്റോണ്‍ ഗ്രീന്‍ എന്ന കമ്പനിക്ക് സംസ്കരിക്കാനായത്. ബാക്കി 2.85 ലക്ഷം ടണ്‍ മാലിന്യം ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യക്കൂനയായി മാറി.
ഇത് ബയോമൈനിംഗ് നടത്താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും കോര്പറേഷന് തയാറാകാതെ വന്നതോടെ ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ബ്രഹ്മപുരത്തെ ഭൂമി ഏറ്റെടുക്കുകയും ബയോമൈനിംഗ് കരാര്‍ നല്‍കാനായി സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനെ (കെഎസ്ഐഡിസി) ഏല്‍പ്പിക്കുകയുമായിരുന്നു. കെഎസ്ഐഡിസിയാണു ടെന്‍ഡര്‍ നടപടികളിലൂടെ സോണ്ട ഇന്‍ഫ്രാടെക്കിനെ കണ്ടെത്തിയത്.
തുടര്‍ന്ന് കോര്പറേഷന് സോണ്ടയുമായി കരാര്‍ ഒപ്പുവച്ചു. 55 കോടി രൂപയ്ക്കായിരുന്നു കരാര്‍. പക്ഷേ ബ്രഹ്മപുരത്ത് 2023 മാര്‍ച്ചില്‍ ബ്രഹ്മപുരത്തു തീപിടിത്തമുണ്ടാകുകയും തുടര്‍ന്ന് സോണ്ടയുമായുള്ള കരാര്‍ കോര്പറേഷന് റദ്ദാക്കുകയും ചെയ്തത്. അപ്പോഴേക്കും 11 കോടി രൂപയോളം കോര്പറേഷന് സോണ്ട ഇന്‍ഫ്രാടെക്കിനു നല്‍കിയിരുന്നു.
സോണ്ട ഇന്‍ഫ്രാടെക് ബയോമൈനിംഗ് നടത്തിയെന്നു പറയുന്ന മാലിന്യമുള്‍പ്പെടെ വീണ്ടും ബയോമൈനിംഗ് നടത്തേണ്ട അവസ്ഥയിലായിലാണിപ്പോള്. ഇതിനായി കോര്പറേഷന് വീണ്ടും ടെന്‍ഡര്‍ വിളിച്ചു. രണ്ട് കമ്പനികളാണു ടെന്‍ഡറില്‍ മുന്നോട്ടുവന്നത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത പുന കേന്ദ്രമായി ഭൂമി ഗ്രീന്‍ എനര്‍ജിക്ക് കരാര്‍ നല്കാന് കഴിഞ്ഞ കൗണ്‍സില്‍ തീരുമാനമെടുത്തു.
നിലവില്‍ ബ്രഹ്മപുരത്ത് 5.60 ലക്ഷം ടണ്‍ മാലിന്യമുണ്ടെന്നാണ് കോര്പറേഷന് ഏകദേശ കണക്ക്. അങ്ങനെയെങ്കില്‍ ബയോമൈനിംഗിന് 95 കോടി രൂപ ചെലവാകും. അതല്ല മാലിന്യത്തിന്റെ അളവ് ഏഴ് ലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നാല്‍ 118 കോടി രൂപയാകും ചെലവാകുക.