സാഫല്യം ഫ്ലാറ്റിൽ ചോർച്ചയും അടർന്നുവീഴലും; ജീവഭയത്തോടെ അന്തേവാസികൾ
1337157
Thursday, September 21, 2023 5:46 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ സാഫല്യം പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ ഫ്ലാറ്റിൽ ചോർച്ചയും മേൽത്തട്ട് അടർന്നുവീഴലും മൂലം ജീവഭയത്തോടെ അന്തേവാസികൾ. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇഎംഎസ് ഭവന പദ്ധതിക്കായി വാങ്ങിയ ഭൂമിയിൽ 2010 -15 കാലത്ത് യുഡിഎഫ് ഭരണസമിതി ഭവന നിർമാണ ബോർഡിന്റെ നേതൃത്വത്തിൽ നിർമിച്ച ഫ്ലാറ്റാണ് തകർച്ച അഭിമുഖീകരിക്കുന്നത്.
54 കുടുംബങ്ങൾക്കാണ് വീട് നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും 21 വീടുകൾ മാത്രം പൂർത്തീകരിച്ച ഫ്ലാറ്റിൽ 2017ലാണ് കുടുംബങ്ങൾ താമസം തുടങ്ങിയത്. ആദ്യ രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഫ്ലാറ്റുകളുടെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടുതുടങ്ങിയിരുന്നു. പിന്നീട് ചോർച്ചയും ആരംഭിച്ചതായി ഇവർ പറയുന്നു.
നാളുകളായി ഫ്ലാറ്റിന്റെ തട്ടുകളിൽനിന്ന് കോൺക്രീറ്റ് അടർന്നു വീഴുകയാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ ഫ്ലാറ്റിന്റെ സൺ ഷെയ്ഡ് തകർന്നു വീണു. ഫ്ലാറ്റിന്റെ മുകൾനിലയിലെ ശുചിമുറികളിൽ ഉപയോഗിക്കുന്ന വെള്ളം താഴെയുള്ള താമസക്കാരുടെ അടുക്കളയിൽ വരെയെത്തുന്ന സ്ഥിതിയുള്ളതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
ഫാക്ടിൽ നിന്നുള്ള ജിപ്സം പാനൽ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിലാണ് നിർമാണം നടത്തുകയെന്ന് പറഞ്ഞിരുന്നെങ്കിലും പാനൽ ബോർഡിനകത്ത് കോൺക്രീറ്റ് നിറയ്ക്കുന്നതിനു പകരം മണ്ണ് നിറച്ചതാണ് ഫ്ലാറ്റിന്റെ തകർച്ചയ്ക്കു കാരണമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടർച്ചയായുണ്ടാകുന്ന തകർച്ചകൾ മൂലം ജീവഭയത്തോടെയാണ് ഇവിടെ കഴിയുന്നതെന്ന് അന്തേവാസികൾ പറയുന്നു.
സാഫല്യം പദ്ധതിയെ സംബന്ധിച്ച ക്രമക്കേടുകൾ അന്വേഷിക്കാനായി വിജിലൻസിന് പരാതി നൽകുവാൻ പഞ്ചായത്ത് ആലോചിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അറിയിച്ചു.