റോഡ് കൈയേറി നിർമാണം ; നടപടി സ്വീകരിക്കാൻ കളക്ടറുടെ ഉത്തരവ്
1336901
Wednesday, September 20, 2023 5:56 AM IST
കരുമാലൂർ: ആലുവ-പറവൂർ കെഎസ്ആർടിസി പ്രധാന റോഡിൽ മനയ്ക്കപ്പടി കവലയ്ക്ക് സമീപം റോഡ് കൈയേറിയുള്ള അനധികൃത നിർമാണത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. മനയ്ക്കപ്പടി സ്വദേശി ടി.എം. ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധിച്ചു നടപടിയെടുക്കാൻ നിർദേശമായത്.
മനയ്ക്കപ്പടി തോപ്പ് റോഡിനു കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കടമുറികൾ പൊതുഗതാഗതം തടസപ്പെടുത്തുന്ന രീതിയിൽ നിർമിച്ചിരിക്കുന്നതെന്നാണു പരാതിയിലുള്ളത്. കരുമാലൂർ വില്ലേജിൽ പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടിയാകാത്തതിനെ തുടർന്നാണു പരാതിക്കാരൻ കളക്ടറെ സമീപിച്ചത്. ഇതേതുടർന്നാണ് കരുമാലൂർ പഞ്ചായത്ത് സെക്രട്ടറിയോട് പരിശോധിച്ചു നടപടിയെടുക്കാൻ അറിയിച്ച് ഉത്തരവിറക്കിയത്.
ഒരു മാസം മുന്പ് ആലുവ-പറവൂർ റോഡ് കൈയേറി കരുമാലൂർ സഹകരണ ബാങ്ക് നടത്തിയ അനധികൃത നിർമാണം പരാതിയെതുടർന്നു പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയിരുന്നു. സംഭവത്തെതുടർന്ന് ആലുവ-പറവൂർ പ്രാധാന പാതയിലെ നടപ്പാതകൾ കൈയേറി നടത്തിയിട്ടുള്ള മുഴുവൻ അനധികൃത നിർമാണങ്ങളും പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.