അഴിമതിക്കെതിരേ തളരാത്ത പോരാളി
1336664
Tuesday, September 19, 2023 5:40 AM IST
കൊച്ചി\കളമശേരി: അഴിമതിക്ക െതിരേ ജീവിതം നീക്കിവച്ച പോരാളിയായിരുന്നു ഇന്നലെ അന്തരിച്ച കളമശേരി സ്വദേശി ജി.ഗിരീഷ് ബാബു. രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ ഒട്ടേറെ അഴിമതി സംഭവങ്ങളാണ് സുരേഷ് ബാബു പുറത്തുകൊണ്ടുവന്നിട്ടുള്ളത്.
പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസ് തുടങ്ങി ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരായ മാസപ്പടി വിവാദ കേസ് വരെ നീളുന്നു ഗിരീഷ് ബാബു ഇടപെട്ട് നടത്തിയ അഴിമതി വിരുദ്ധ പോരാട്ടം. മാസപ്പടിക്കേസില്‍ ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഗിരീഷ് ബാബുവിന്റെ വിയോഗം.
മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയാണ് ഗിരീഷ് ഏറ്റവും അവസാനം ഹൈക്കോടതിയില്‍ നല്‍കിയത്. ഇതിനു മുമ്പ് പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസ്, മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ചമ്രവട്ടം പാലത്തിലെ അപ്രോച്ച് റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ടി.ഒ. സൂരജിനെതിരെയുള്ള കേസ് തുടങ്ങിയവയ്ക്കൊക്കെ പിന്നില്‍ ഗിരീഷിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ കഥയുണ്ട്.
വിവാദ സ്വാമി സന്തോഷ് മാധവനുമായി ബന്ധമുള്ള സ്വകാര്യ സ്ഥാപനത്തിന് ഹൈ ടെക്ക് ഐടി പാര്‍ക്ക് തുടങ്ങാന്‍ മിച്ചഭൂമി അനുവദിച്ചെന്ന കേസാണ് മറ്റൊന്ന്. ഈ കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചിലവന്നൂര്‍ കായല്‍ കൈയേറി സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചെന്നാരോപിച്ച് നടന് ജയസൂര്യക്കെതിരെ നല്കിയ കേസ്, ബോള്‍ഗാട്ടിയില്‍ തീരസംരക്ഷണ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചെന്നാരോപിച്ച് ഗായകന് എം.ജി. ശ്രീകുമാറിനെതിരെയുള്ള കേസ്, ലൈംഗികാതിക്രമത്തിനിരയായ യുവനടിയുടെ പേരു വെളിപ്പെടുത്തിയെന്ന് ആരോപിച്ച് നടന് അജു വര്‍ഗീസിനെതിരെ നല്കിയ കേസ്, ദേശീയപാതയിലെ ടോള്‍ പിരിവിനെതിരായ ഹര്‍ജി, കൊച്ചിന് സര്‍വകലാശാലയിലെ ഭൂമി കൈയേറ്റം, മൂന്നാറില്‍ റോഡു നിര്‍മാണത്തിന്റെ മറവില്‍ കരാറുകാരന് പാറ കടത്തി കേസ് തുടങ്ങി നിരവധി കേസുകളില്‍ ഗിരീഷ് ബാബു ഹര്‍ജിക്കാരനായിരുന്നു.
നേടിയെടുത്തത് അനവധി അനുകൂല വിധികൾ
പിഎസ്സി അംഗമാകാന്‍ കൈക്കൂലി വാങ്ങിയത്, കളമശേരിയിലെ എയര്‍പോര്‍ട്ട് സീപോര്‍ട്ട് റോഡ് കൈയേറ്റം, കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സ്ഥാപനമായ ഐസറിന്റെ നിര്‍മാണ അഴിമതിക്കെതിരെ സിബിഐക്ക് ഹര്‍ജി, പോലീസ് ഡോഗ് സ്കോഡ് പരിപാലന സംരക്ഷണത്തിന്റെ മറവിലെ കോടികളുടെ അഴിമതി, കാക്കനാട് സര്‍ക്കാര്‍ പ്രസിലെ ഈയത്തില്‍ നിര്‍മിച്ച 45 ടണ്‍ മെറ്റിലുകള്‍ കടത്തിയ കേസ്, കൊച്ചി ധനുഷ് കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലെ മണ്ണിടിച്ചിലിനെതിരെ ഹര്‍ജി, മൂന്നാര്‍ ബോഡി മേട്ട് റോഡ് നിര്‍മാണത്തിന്റെ മറവില്‍ കരാറുകാരന് 100 കോടിയുടെ പാറ കടത്തിയതിനെതിരെ നടത്തിയ കേസ്, കളമശേരി നഗരസഭ എസ്സി വിഭാഗത്തിന് പണിത കടമുറി നല്‍കാത്തതിലും ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയും അനുകൂലവിധി കിട്ടിയിട്ടുള്ളവയുമാണ്.
പല കേസുകളും ഇപ്പോഴും കോടതികളുടെ പരിഗണനയിലുണ്ട്. മറ്റു ചില കേസുകളില്‍ കോടതി തെളിവില്ലെന്നു കണ്ട് തള്ളുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെയുള്ള നിയമയുദ്ധങ്ങള്ക്കൊപ്പം വിഷയം പൊതു സമൂഹത്തിനു മുന്നില്‍ തുറന്ന ചര്‍ച്ചയാക്കാനും ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ ബാക്കിയാക്കി കടന്നുപോയ ഗിരീഷിനായി.