പാര്യത്തെ കുടിയൊഴിപ്പിക്കൽ : കോളനി നിവാസികൾക്ക് താത്കാലിക ആശ്വാസം
1336649
Tuesday, September 19, 2023 5:19 AM IST
കിഴക്കമ്പലം: മലയിടംതുരുത്ത് പാര്യത്ത് കോളനിയിലെ എട്ടോളം പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ കോളനി നിവാസികൾക്ക് താത്കാലിക ആശ്വാസം. 21 വരെ കോളനിയിൽ തൽസ്ഥിതി തുടരാൻ പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടതാണ് കോളനി നിവാസികൾക്ക് ആശ്വാസമായത്.
കോളനി നിവാസികളായ ഒരു കൂട്ടം അമ്മമാരും യുവതികളും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 21ന് വീണ്ടും വാദം കേൾക്കും. കോളനി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് 16ന് കുടിയൊഴിഞ്ഞ് പോകണമെന്നായിരുന്നു നിർദേശം. എന്നാൽ പുതിയ ഹർജി പരിഗണിച്ച മുൻസിഫ് കോടതി കോളനി നിവാസികൾക്ക് താത്ക്കാലിക ആശ്വാസമാകുന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഏഴര പതിറ്റാണ്ടായി ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും സ്വരുക്കൂട്ടി ഉണ്ടാക്കിയ ചെറിയ വീടുകളാണ് കുടിയൊഴിപ്പിച്ചാൽ കോളനിക്കാർക്ക് വിട്ടൊഴിയേണ്ടി വരുന്നത്. മിക്ക വീടുകളിലും 70 വയസ് കഴിഞ്ഞവരാണ് ഗൃഹനാഥന്മാർ. കൂലിപ്പണിയില്ലാതെ മറ്റൊരു വരുമാനവും ഇവർക്കില്ല. പട്ടികജാതി വികസന പദ്ധതികളുടെ ഭാഗമായി നിർമിച്ച റോഡുകളും കിണറും പാലവുമാണ് കോളനിയിലുള്ളത്. നാട്ടുകാരും ജനപ്രതിനിധികളുമടക്കം സജീവമായി ഇടപെട്ടതോടെയാണ് കുടിയൊഴിപ്പിക്കലിന് താത്ക്കാലിക അവധി ലഭിച്ചത്.
തന്റെ 2.64 ഏക്കർ ഭൂമി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പൻ അന്യായമായി കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ 50 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ നിയമ പോരാട്ടമാണ് അദ്ദേഹത്തിന്റെ മരണശേഷം പെൺമക്കൾ ഏറ്റെടുത്തത്. ഈ നിയമയുദ്ധമാണ് കുടിയൊഴിപ്പിക്കൽ ഘട്ടം വരെ എത്തിയിരിക്കുന്നത്.