നടുറോഡിലെ വൈദ്യുത പോസ്റ്റുകൾ നീക്കി
1336646
Tuesday, September 19, 2023 5:19 AM IST
മൂവാറ്റുപുഴ: നഗര റോഡ് വികസനത്തിന്റ ഭാഗമായി റോഡിനു മധ്യത്തിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്തു. അരമനപടി മുതൽ കച്ചേരിത്താഴം വരെ ഏറ്റെടുത്ത സ്ഥലങ്ങളിൽ റോഡിനു വീതികൂട്ടി കോണ്ക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചതോടെ വൈദ്യുത പോസ്റ്റുകൾ റോഡിന് മധ്യത്തിലായിരുന്നു. ഇതു ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച നഗരത്തിലെ കച്ചേരിത്താഴത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോസ്റ്റുകൾ എല്ലാം നീക്കിയത്. ഇതോടെ ടിബി ജംഗ്ഷനിലടക്കം ഗതാഗതം സുഗമമാകും.
നിലവിൽ അരമനപ്പടി മുതൽ പത്മാസിനു സമീപം വരെ വീതി കൂട്ടി കോണ്ക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചു കഴിഞ്ഞു. കച്ചേരിത്താഴത്ത് റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ ഇതുവരെ ഉടമകൾ പൊളിച്ചു നീക്കിയിരുന്നില്ല. ഇതും നീക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് കോണ്ക്രീറ്റ് ചേംബറുകൾ സ്ഥാപിക്കുന്നതടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനെതിരെ താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റി നടപടികൾ സ്വീകരിച്ചിരുന്നു.
കോണ്ക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചിട്ടുള്ള കച്ചേരിത്താഴം മുതൽ അരമനപ്പടി വരെയുള്ള ഭാഗം വരെ കഴിഞ്ഞ ഞായറാഴ്ചയോടെ റോഡ് നിർമാണത്തിനു തടസമായ ഭാഗങ്ങൾ പൊളിച്ചു നീക്കി നിർമാണ പ്രവർത്തനങ്ങൾ ആംഭിക്കുന്നതിന് സൗകര്യം ഒരുക്കാൻ പൊതുമരാമത്ത് വകുപ്പിനു താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലുള്ള പുറന്പോക്ക് ഭൂമി ഏഴു ദിവസത്തിനുള്ളിൽ അളന്നു തിരിച്ചു നൽകാൻ ലാൻഡ് അക്വിസിഷൻ തഹസിൽദാർക്കും അഥോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. വെള്ളൂർകുന്നത്ത് പെട്രോൾ പന്പിനു മുന്നിലും നഗരസഭ ലൈബ്രറിക്കു പിന്നിലുള്ള റോഡിലുമുള്ള പുറന്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താനാണു നിർദേശം. നഗരസഭ ലൈബ്രറിക്കു പിന്നിൽ കോടികൾ ചെലവഴിച്ചു ഏറ്റെടുത്ത ഭൂമി ഏറ്റെടുക്കാതെയാണു ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയാണു പുറന്പോക്കും പണം നൽകി ഏറ്റെടുത്ത ഭൂമിയും അളന്നു തിരിക്കാൻ താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റി കർശന നിർദേശം നൽകിയത്.