കൊച്ചിയില്‍നിന്നു നീങ്ങിയത് 112 ടണ്‍ അജൈവ മാലിന്യം
1280420
Friday, March 24, 2023 12:09 AM IST
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പുതിയ സംവിധാനം നിലവില്‍വന്നതോടെ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ക്ലീന്‍ കേരള കമ്പനി നഗരത്തില്‍നിന്ന് ഏറ്റെടുത്തത് 112 ടണ്‍ അജൈവ മാലിന്യം. അതേസമയം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വഴിയരികില്‍ ഉപേക്ഷിക്കുന്ന സ്ഥിതി പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. തരംതിരിക്കാതെ കിറ്റുകളില്‍ കെട്ടി ഇത്തരത്തില്‍ തള്ളുന്ന മാലിന്യം തരംതിരിക്കാന്‍ പെടാപാട് പെടുകയാണ് മാലിന്യ ശേഖരണ തൊഴിലാളികളും, നഗരസഭയുടെ ശുചീകരണ തൊഴിലാളികളും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കിത്തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും പലയിടങ്ങളില്‍ നിന്നും ഇനിയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കഴിഞ്ഞ 15ന് ആണ് ക്ലീന്‍ കേരള കമ്പനിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കു പ്രകാരം നഗരത്തിലെ അജൈവ മാലിന്യങ്ങള്‍ കൈമാറിത്തുടങ്ങിയത്.
സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറണമെന്നും, മാലിന്യം വഴിയില്‍ തളളുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നല്കുന്നു.
നഗരസഭയുടെ പുതിയ രീതി
പരിചയപ്പെടുത്താന്‍
ഭവന സന്ദര്‍ശനം
നഗരസഭയുടെ പുതിയ മാലിന്യ സംസ്കരണ രീതികള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 26, 27 തീയതികളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തും. മാലിന്യ സംസ്കരണണവുമായി ബന്ധപ്പെട്ട് നഗരസഭയുടെയും, ശുചിത്വ മിഷന്റെയും നോട്ടീസുകള്‍ വീടുകളില്‍ വിതരണം നടത്തും.
എന്‍എസ്എസ് വോളൻഡിയർമാർ, ആശാ വര്‍ക്കര്‍മാര്‍, സിഡിഎസ് ഭാരവാഹികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും ഭവന സന്ദര്‍ശനത്തിന്റെ ഭാഗമാകും.