മണ്ണടിക്കാനെത്തിയ വാഹനങ്ങൾ തടഞ്ഞു
1242757
Thursday, November 24, 2022 12:22 AM IST
കരുമാലൂർ: ആനച്ചാൽ-വഴിക്കുളങ്ങര റോഡിന് സമീപത്തെ തണ്ണീർത്തടത്തിൽ സബ് കളക്ടർ നൽകിയ ഉത്തരവ് ലംഘിച്ചു വീണ്ടും മണ്ണടിക്കാൻ ശ്രമിച്ചതിനെ തുടർന്നു സിപിഐ, എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ മണ്ണുമായെത്തിയ വാഹനങ്ങൾ തടഞ്ഞു. ഇതേത്തുടർന്നു മണ്ണടിക്കുന്നവരും പ്രതിഷേധക്കാരുമായി സംഘർഷമുണ്ടായി. അമ്പതോളം വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞിട്ടു.
പരാതി പറഞ്ഞെങ്കിലും പറവൂർ പോലീസ് വാഹനങ്ങൾ പിടിച്ചെടുക്കുവാനോ അനധികൃത മണ്ണടിക്കൽ തടയുവാനോ തയാറായില്ലെന്നു പ്രതിഷേധക്കാർ പറഞ്ഞു. പറവൂർ പോലീസ് ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡിവിൻ കെ. ദിനകരൻ, മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.എം. പവിത്രൻ, ടി.എ. ബഷീർ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ഷിറിയസ് തോമസ്, സെക്രട്ടറി എം.എ. സിറാജ് എന്നിവർ നേതൃത്വം നൽകി.
അതേസമയം തണീർത്തടത്തിലെ മുഴുവൻ അനധികൃതനിർമാണ പ്രവർത്തനങ്ങളും നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടു സബ് കളക്ടർ പി.വിഷ്ണുരാജ് ഉത്തരവ് പുറപ്പെടുവിച്ചു.
നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ നോട്ടീസ് പതിച്ചു.
സ്വഭാവ വ്യതിയാനം അനുവദിച്ച ഭൂമിയിൽ അല്ലാതെ സമീപത്തെ മറ്റു സർവേ നമ്പറുകളിൽ പെട്ട ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്ന് ഒട്ടേറെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കൃത്യമായ പരിശോധന നടത്തി തീർപ്പു കൽപിക്കുന്നതു വരെ ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ യാതൊരുവിധ നിർമാണ പ്രവർത്തനവും നടത്താൻ പാടില്ലെന്നു കാണിച്ചാണ് ഉത്തരവ്.
ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ, പറവൂർ ഭൂരേഖ തഹസിൽദാർ പി.പ്രിയ, കോട്ടുവള്ളി വില്ലേജ് ഓഫിസർ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്നലെ രാവിലെ തണ്ണീർത്തട ഭൂമിയിൽ പരിശോധന നടത്തി.