കാറ്റും മഴയും: തൊടുപുഴ മേഖലയിൽ കനത്ത നാശം
1546351
Monday, April 28, 2025 11:39 PM IST
തൊടുപുഴ: കനത്ത കാറ്റിലും മഴയിലും തൊടുപുഴ മേഖലയിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ഇടിയോടു കൂടിയ ശക്തമായ മഴ പെയ്തത്. കനത്ത കാറ്റിലും മഴയിലും കീരികോട് ഫ്രണ്ട്സ് നഗർ കോളനിയിൽ തോണ്ടുകുഴിയിൽ വിശ്വംഭരൻ, കോലോത്ത് ഹരിദാസ് എന്നിവരുടെ വീടുകൾക്കു മുകളിലേയ്ക്ക് മരം മറിഞ്ഞു വീണു.
കൂറ്റൻ മഹാഗണി മരം മറിഞ്ഞു വീണ് വിശ്വംഭരന്റെ വീടിന് കേടുപാടും സംഭവിച്ചു. സമീപത്തുണ്ടായിരുന്ന രണ്ടു പ്ലാവാണ് ഹരിദാസിന്റെ വീടിനു മുകളിലേയ്ക്ക് വീണത്. ഇവിടെയുണ്ടായിരുന്ന വൈദ്യുതി ലൈനുകളും മരം വീണ് പൂർണമായും തകർന്നു. കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ച് അപകടം ഒഴിവാക്കി. ഈ മേഖലയിൽ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുകയാണ്.
ഇടവെട്ടി പഞ്ചായത്തിലും കനത്ത മഴയിൽ വ്യാപക നാശം സംഭവിച്ചു. കൊട്ടാരത്തിൽ സരസ്വതി ഗോപാലകൃഷ്ണന്റെ വീടിന് മുകളിലേക്ക് അയൽവാസിയുടെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീണു.
ശക്തമായ കാറ്റിൽ നിരവധി മേഖലയിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പഞ്ചായത്തിന്റെ ഒന്ന്, 13, വാർഡുകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്നത്. ഇടവെട്ടി കനാൽ റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു. വനത്തിനുള്ളിലെ മരങ്ങൾ ഒഴികെ റോഡിലേയ്ക്ക് വീണ സ്വകാര്യ വ്യക്തികളുടെ മരങ്ങൾ അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. തൊടുപുഴ മേഖലയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ വേനൽ മഴ പല മേഖലകളിലും നാശം വിതച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിന്റെയും കാറ്റിന്റെയും അകന്പടിയോടെയാണ് വൈകുന്നേരങ്ങളിൽ വേനൽ മഴ പെയ്യുന്നത്.