ക്രൈസ്തവജീവിതം ത്യാഗപൂര്ണമായിരിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
1546082
Sunday, April 27, 2025 11:33 PM IST
നെടുങ്കണ്ടം: ക്രൈസ്തവ ജീവിതം ത്യാഗപൂര്ണമായിരിക്കണമെന്ന് ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നെടുങ്കണ്ടം കരുണ അനിമേഷന്‍ ആൻഡ് ഡിവൈന്‍ മേഴ്സി റിട്രീറ്റ് സെന്ററിൽ നടന്നുവന്ന ദൈവകരുണയുടെ കണ്‍വന്‍ഷന്റെയും തിരുനാളിന്റെയും പുതുഞായര്‍ ആഘോഷത്തിന്റെയും സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ ഉടമയായിരുന്നു കാലംചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രായാധിക്യവും രോഗാവസ്ഥകളും ഉണ്ടായിട്ടും ദൈവജനത്തോടൊപ്പം ഈസ്റ്റര്‍ സന്ദേശം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. മാര്‍പാപ്പയുടെ ജീവിതം ക്ഷമയും ത്യാഗവും നിറഞ്ഞതായിരുന്നു.
ഭൗതികനേട്ടങ്ങള്ക്കായി കര്‍തൃസന്നിധിയില്‍ എത്തിയാല്‍ അവ അര്‍ഥശൂന്യമാകും. ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷങ്ങളും സങ്കടങ്ങളും കുരിശുകളും ഏറ്റെടുത്ത് ജീവിക്കുമ്പോഴാണ് ദൈവകരുണ ലഭിക്കുന്നതെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
18ന് ആരംഭിച്ച കണ്‍വന്‍ഷനില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും പങ്കെടുത്തത്. കണ്വന്ഷന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജയിംസ് മാക്കിയില്‍, അസി. ഡയറക്ടര്‍ ഫാ. ബിബിന്‍ അറയ്ക്കല്‍, ഡെന്നി താണുശേരിക്കാരന്, ഷിജോ ശൗര്യാംകുഴി, ബ്രദർ റെജി പുതുപ്പറമ്പില്‍, ബ്രദർ വിനോദ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.