അമിതവേഗം: കാർ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി ഉടമയ്ക്കും ഭാര്യക്കും പരിക്ക്
1546085
Sunday, April 27, 2025 11:33 PM IST
അണക്കര: അമിതവേഗതയിൽ ദിശതെറ്റിയെത്തിയ വാഹനം വ്യാപാര സ്ഥാപനത്തിലേക്കു ഇടിച്ചുകയറി സ്ഥാപന ഉടമയ്ക്കും ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി സ്ഥാപനം അടയ്ക്കുന്നതിനിടെയാണ് മയക്കുമരുന്നുലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ കടയിലേക്കു പാഞ്ഞു കയറിയത്. അണക്കര ഏഴാംമൈൽ എയിം ഹൈപ്പർ മാർട്ട് ഉടമ ശങ്കരൻ ചെട്ടിയാർ (ഹരി), ഭാര്യ സുനിത എന്നിവർക്കാണ് പരിക്കേറ്റത്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ പാലായിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചക്കുപള്ളം വിലേജ് ഓഫീസിനോടു ചേർന്നുള്ള സ്ഥലത്താണ് അപകടമുണ്ടായത്. പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രതി അണക്കര ഏഴാംമൈൽ ബിബിൻ കീച്ചേരിയെ അറസ്റ്റുചെയ്തു. വാഹനത്തിൽ ലഹരി വസ്തുകൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.