മുട്ടത്ത് വോൾട്ടേജ് ഏറ്റക്കുറച്ചിൽ; ഉപകരണങ്ങൾ നശിക്കുന്നു
1546338
Monday, April 28, 2025 11:39 PM IST
മുട്ടം: കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ഒന്നുകൊണ്ടുമാത്രം മുട്ടം കോടതിപ്പടി- പന്പ് ഹൗസ് റോഡിൽ താമസിക്കുന്ന ഭവനങ്ങളിൽ വൈദ്യുത ഉപകരണങ്ങൾ അടിച്ചുപോകുന്നു. നാലുമാസമായി വൈദ്യുതി വോൾട്ടേജിലുള്ള ഏറ്റക്കുറച്ചിൽ ലൈറ്റുകൾ മിന്നികത്തുകയും ഉപകരണങ്ങൾ കേടാകുകയും ചെയ്യുന്നതു തുടരുകയാണ്. പതിനഞ്ചോളം ഉപയോക്താക്കൾ മൂലമറ്റത്തെ ഓഫീസിൽ പരാതി നൽകിയിട്ടും ഇന്നുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കംപ്യൂട്ടർകൾ
പോലുള്ള സെൻസിറ്റീവ് ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാകുകയോ ഡാറ്റ നഷ്ടപ്പെടുകയോ ചെയ്തിരിക്കുന്നു. ഇലക്ട്രിക് മോട്ടോറുകൾ അമിതമായി ചൂടാകുന്നു, പലരുടെയും മോട്ടോറുകൾ കേടായിരിക്കുന്നു. വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ വൈദ്യുത ഉപകരണങ്ങളുടെ ആയുസ് പോലും കുറച്ചിരിക്കുകയാണ്. ലൈറ്റുകൾ മങ്ങുകയോ മിന്നിമറയുകയോ ചെയ്യുന്നതും നിത്യസംഭവമാണ്. ഇതു കണ്ണിന് അസ്വസ്ഥതയും ആയാസവും ഉണ്ടാക്കുകയാണ്. കാര്യക്ഷമമല്ലാത്ത വൈദ്യുതി ഉപഭോഗമാണ് ഇവിടെ സംഭവിക്കുന്നത്.
ചില ഉപകരണങ്ങൾ, പ്രത്യേകിച്ച് വേരിയബിൾ സ്പീഡ് ഡ്രൈവുകളോ പവർ സപ്ലൈകളോ ഉള്ളവ, വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ കൂടുതൽ ഊർജ്ജം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഉയർന്ന വൈദ്യുതി ബില്ലിലേക്ക് നയിച്ചേക്കുമെന്ന വിദഗ്ധരുടെ നിലപാടുകൾ ശരിയാണെന്ന് ഇവിടുത്തെ വൈദ്യുതബില്ലുകളാണ് തെളിവ്.
നാലുമാസമായി അമിതമായ വൈദ്യുതബില്ലുകളാണ് ഇവിടുത്തെ ഉപയോക്താക്കൾക്കു ലഭിക്കുന്നത്. പരാതി പോലും കേൾക്കാൻ ഉദ്യോഗസ്ഥരില്ല. ബിൽ അടച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഫ്യൂസ് ഊരാൻ എത്തുന്ന ഉദ്യോഗസ്ഥർ നാലുമാസമായി ഇവിടുത്തെ പ്രശ്നം തീർക്കാൻ തയാറാകുന്നില്ല. സാധാരണനിലയിൽ ഒരു പരാതി ലഭിച്ചാൽ ഏതൊരൊഫീസും അതു പരിശോധിച്ചു നടപടി സ്വീകരിക്കും.
എന്നാൽ ജനം ഒന്നാകെ പരാതി നൽകിയിട്ടും വ്യക്തിപരമായി നല്കിയിട്ടും തിരിഞ്ഞുനോക്കുന്നില്ല. കെഎസ്ഇബി ചെയർമാൻ നിർദേശിച്ചാൽ പോലും നടപടി സ്വീകരിക്കാതെ യൂണിയന്റെ ബലത്തിൽ ജീവിക്കുന്ന ഉദ്യോഗസ്ഥരാണ് ഈ നാട്ടുകാരുടെ ശാപമെന്നാണ് ഉപയോക്താക്കൾ പറയുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്താൽ കോടതിയെ സമീപിക്കാനൊരുക്കത്തിലാണ് നാട്ടുകാർ.