അഗസ്റ്റിൻ കച്ചിറമറ്റത്തിന്റെ ഹൈടെക് കൃഷികൾ
1546081
Sunday, April 27, 2025 11:33 PM IST
ജോയി കിഴക്കേൽ
മൂലമറ്റം: സെന്റ് ജോർജ് യുപി സ്കൂളിലെ റിട്ട. അധ്യാപകൻ അഗസ്റ്റിൻ കച്ചിറമറ്റത്തിന്റെ കൃഷിയിടം വേറിട്ട കൃഷിരീതികളുടെ പരീക്ഷണശാലയും പുത്തൻ കാർഷിക അറിവുകളുടെ ഉറവിടവുമാണ്.അറക്കുളം പഞ്ചായത്തിലെ മൂന്നുങ്കവയലിൽ വീടിനോടു ചേർന്നുള്ള ഒൻപതേക്കർ തോട്ടത്തിലെ സമ്മിശ്ര കൃഷിയിലൂടെ അദ്ദേഹം വിജയഗാഥ രചിക്കുന്നു. നാടൻ വിളകൾ, കിഴങ്ങുവർഗങ്ങൾ, പരന്പരാഗത വിളകൾ, ഫലവൃക്ഷങ്ങൾ എന്നിവയ്ക്കു പുറമേ സാന്പാറിൽ ചേർക്കുന്ന ചൈനീസ് മല്ലി മുതൽ ഫ്രൈഡ്റൈസിൽ ഉപയോഗിക്കുന്ന രംഭ വരെ തോട്ടത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കാർഷിക പരീക്ഷണം
തിരുവനന്തപുരത്തുനിന്ന് കൊണ്ടുവന്ന് സ്വന്തമായി ബഡ് ചെയ്ത തോട്ടത്തിലെ താളിമാവിൽ ഒരേ സമയം പൂവ്, കണ്ണിമാങ്ങ, മൂത്ത മാങ്ങ, പഴം എന്നിവയുണ്ട്. ഇങ്ങനെ സ്വയം ബഡ് ചെയ്ത വിവിധയിനം പ്ലാവുകൾ, മാവുകൾ തുടങ്ങിയവയാണ് തോട്ടത്തിലുള്ളത്. ഇതിൽ തേൻ വരിക്കയിൽനിന്നുള്ള പഴം തിന്നാൽ അതിന്റെ സ്വാദ് മറക്കാനാവില്ല. മരച്ചീനി നടുന്പോൾ കൂടുതൽ വിളവു ലഭിക്കാൻ തണ്ടിൽ വരയിടുന്ന രീതിയും ഇദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്.
തോട്ടത്തിൽ ഉത്പാദിപ്പിക്കുന്ന ചേന, ചക്ക എന്നിവ മുറിക്കുന്നത് സ്വയം നിർമിച്ചിരിക്കുന്ന മെഷീൻ വാൾ ഉപയോഗിച്ചാണ്. കപ്പ വാട്ടുന്നതിനു മുന്പ് കഴുകുന്നതിനുള്ള നെറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ഇതു വഴി ജോലിക്കാരില്ലാതെ കപ്പ വാട്ടാനാകും. ഒരാൾക്ക് തനിയെ 75 മുതൽ 100 കിലോ വരെ കപ്പ വാട്ടാം.
കപ്പയുടെ ഭാരം കുറയ്ക്കാനായി കപ്പി സെറ്റ് ഉപയോഗിക്കുന്ന രീതിയും ഇദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്. ചക്കച്ചുള അരിഞ്ഞെടുക്കുന്ന മെഷീനും സ്വന്തമായി നിർമിച്ചിട്ടുണ്ട്. ഇതിൽ ചുള നിറച്ചാൽ പ്രത്യേക ബ്ലേഡ് ഉപയോഗിച്ച് അരിഞ്ഞെടുക്കാനാകും.
കിണ്ടിക്കിണർ
ഇദ്ദേഹം രൂപകൽപ്പന ചെയ്ത് സ്വന്തമായി നിർമിച്ച കിണ്ടിക്കിണറും ഏറെ ആകർഷകമാണ്. 11 അടി താഴ്ചയും 12 അടി വ്യാസവുമുണ്ട് ഇതിന്. ഇതിൽ രണ്ടരയടി വരെ നിർമാണം നേരേയുള്ളതാണ്. ബാക്കി ഭാഗം വൃത്താകൃതിയിലാണ്. മുകൾ ഭാഗത്തിന് നാലടി വ്യാസമേയുള്ളു. ഈ കിണറിൽനിന്നു വെള്ളം പന്പു ചെയ്ത് ടാങ്കിലെത്തിച്ചാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്.
വിളകൾ
തോട്ടത്തിൽ 1500 റബർ മരങ്ങൾ പ്ലാന്റ് ചെയ്തിട്ടുണ്ട്. ഇതിനു പുറമേ വെസ്റ്റ് കോസ്റ്റ്, ടിxഡി തെങ്ങ്, പൂവൻ, ഞാലിപ്പൂവൻ, പാളയംകോടൻ, ചുണ്ടിലാൻ വാഴയിനങ്ങൾ, കോശേരി, ചന്ദ്രക്കാരൻ, വരിക്ക, തിരുവനന്തപുരം, കോട്ടുക്കോണം, കൊളംബ്, അൽഫോൻസ, നീലം തുടങ്ങിയ മാവുകൾ, കിണറ്റുകരയിനം ജാതി, എൻ18 ഇനം റംബുട്ടാൻ, പൈനാപ്പിൾ, സപ്പോട്ട, അവക്കോഡ, പപ്പായ, പാഷൻഫ്രൂട്ട്, മുരിങ്ങ, നെയ്ച്ചേന, ചീമച്ചേന്പ്, മരച്ചീനി, വഴുതന, ചീര , പാവൽ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. തോട്ടത്തിൽ വൻതേൻ, ചെറുതേൻ കോളനിയും സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശിക വിപണിക്കു പുറമേ മൊത്തക്കച്ചവടക്കാർക്കാണ് ഉത്പന്നങ്ങൾ വിപണനം നടത്തുന്നത്.
വഴിത്തിരിവായത് ശാസ്ത്ര മേള
അധ്യാപന കാലത്ത് ശാസ്ത്രമേളയിൽ വിദ്യാർഥികളെ ഒരുക്കിയിരുന്നു. അതിനായി നടത്തിയ നിരീക്ഷണങ്ങളും പരീക്ഷണങ്ങളുമാണ് കാർഷികരംഗത്തും പുത്തൻ പരീക്ഷണങ്ങൾ നടത്താൻ പ്രേരണയും പ്രചോദനവുമായതെന്ന് ഇദ്ദേഹം പറയുന്നു. ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ബെസ്റ്റ് സ്കൂൾ ബഹുമതി മൂലമറ്റം സെന്റ് ജോർജിന് നേടിക്കൊടുക്കാൻ കഴിഞ്ഞു.
അധ്യാപന കാലത്തും കൃഷിയിൽ വ്യാപൃതനായിരുന്ന ഇദ്ദേഹം 1998ൽ സർവീസിൽനിന്നു വിരമിച്ചതോടെ കാർഷികരംഗത്ത് സജീവമാകുകയായിരുന്നു. വയസ് 82 ആയെങ്കിലും കാർഷികരംഗത്തെ ചുറുചുറുക്കിനും അധ്വാനത്തിനും ഇപ്പോഴും ഒരു കുറവുമില്ല. ഭാര്യ: മേരി, മക്കൾ: ജെറീഷ്, ജിനു.