കുരിശ് പൊളിച്ച സംഭവം; വനംവകുപ്പിനും വില്ലേജ് ഓഫീസർക്കും എതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി ബിജോ മാണി
1546344
Monday, April 28, 2025 11:39 PM IST
തൊടുപുഴ: നാരങ്ങാനത്തെ കൈവശഭൂമിയിലെ കുരിശ് പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും ഈപ്രദേശം വനമാണെന്ന് തെറ്റായ റിപ്പോർട്ട് നൽകിയ വണ്ണപ്പുറം വില്ലേജ് ഓഫീസർക്കെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി മുഖ്യമന്ത്രിക്ക് പരാതി നൽകി.
കുരിശ് സ്ഥാപിച്ചത് ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത വനഭൂമിയിൽ ആയതിനാലാണ് പൊളിച്ചുമാറ്റിയതെന്നാണ് വനം വകുപ്പ് പറഞ്ഞത്. എന്നാൽ വനംവകുപ്പിന്റെ വാദം തെറ്റാണെന്ന് ഈ സ്ഥലത്ത് പരിശോധന നടത്തുന്പോഴും ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്പോഴും വ്യക്തമാകും. കുരിശ് സ്ഥാപിച്ചിരുന്ന നാരങ്ങാനം, ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാതെ പോയതായി പരാതിയുണ്ടെന്നു ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ 2016 ജനുവരി ഒന്നിനു മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്യുകയും ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാതെ പോയ പ്രാദേശങ്ങളിൽ ഇതു നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഈ മേഖലയിൽ വനം വകുപ്പിന്റെ സ്ഥലം 1980 കാലഘട്ടത്തിൽ ജണ്ട കെട്ടി തിരിച്ചിട്ടുണ്ട്. കുരിശ് സ്ഥാപിച്ചിരുന്നത് ജണ്ടയ്ക്ക് പുറത്താണ്. ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത കൈവശഭൂമിക്ക് പട്ടയം നൽകുന്നതിന് 2020 ജൂണ് രണ്ടിന് 2020/2020 നന്പരായി റവന്യുവകുപ്പ് ഇറക്കിയ ഉത്തരവിൽ വനം വകുപ്പിന് ആവശ്യമുള്ള സ്ഥലം ജണ്ടകെട്ടി തിരിച്ചിട്ടുണ്ടെന്നും ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലത്ത് വനം വകുപ്പിന് അവകാശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വനം വകുപ്പ് നടത്തിയ നിയമവിരുദ്ധ നടപടിയെ ന്യായീകരിക്കാൻ കുരിശ് സ്ഥാപിച്ചിരുന്ന പ്രാദേശമുൾപ്പെടെ 4005 ഏക്കർ വില്ലേജ് രേഖകൾ പ്രകാരം ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത വനഭൂമിയാണെന്ന് 2025 ഏപ്രിൽ 15ന് വണ്ണപ്പുറം വില്ലേജ് ഓഫീസർ കാളിയർ റേഞ്ച് ഓഫീസർക്ക് തെറ്റായ റിപ്പോർട്ട് നൽകുകയുണ്ടായി. കാളിയാർ റേഞ്ചിലെ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് വനം-റവന്യു വകുപ്പുകൾ അംഗീകാരം നൽകി പ്രസിദ്ധപ്പെടുത്തുന്നത് 1983 ഒക്ടോബർ 31 നാണ്. ഇതിന് 50 വർഷം മുൻപ് തയാറാക്കിയ വില്ലേജ് രേഖകൾ പ്രകാരം ഈ പ്രദേശം ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലന്ന് വില്ലേജ് ഓഫീസർക്ക് എങ്ങനെ പറയാൻ കഴിയും.
1983-ൽ പ്രസിദ്ധപ്പെടുത്തിയ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ വില്ലേജ് ഓഫീസർ 4005 ഏക്കർ വനമാണെന്ന് റിപ്പോർട്ട് നൽകിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കൈവശങ്ങൾ ഉൾപ്പെടുകയും സർക്കാർ ഈ ഭൂമിക്ക് പട്ടയം നൽകുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുതകൾ മറച്ചുവച്ചാണ് വില്ലേജ് ഓഫീസർ തെറ്റായ റിപ്പോർട്ട് നൽകിയത്.
ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാതെപോയ പ്രാദേശങ്ങളിൽ ജോയിന്റ് വെരിഫിക്കേഷൻ നടത്തി കൈവശഭൂമിക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനമെടുക്കുകയും ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയതിനു ശേഷം കൈവശഭൂമിയിൽ കടന്നുകയറി കുരിശ് പൊളിച്ച വനം വകുപ്പിന്റെ നടപടിയും ഇതിനെ ന്യായീകരിക്കാൻ വില്ലേജ് ഓഫീസർ തെറ്റായ റിപ്പോർട്ട് നൽകിയതും ഗൂഢാലോചനയാണ്.
വനം-റവന്യു വകുപ്പുകളുടെ വാദം അംഗീകരിച്ചാൽ ഈ പ്രാദേശത്ത് കുടിയേറി നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ആയിരകണക്കിനു കർഷകർക്ക് പട്ടയം ലഭിക്കാതെവരും. ഇവർ ഇവിടെനിന്ന് കുടിയിറക്കപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബിജോ മാണി ആവശ്യപ്പെട്ടു.