വാഴത്തോപ്പ് പഞ്ചായത്തിൽ പിൻവാതിൽ നിയമനമെന്ന്
1546341
Monday, April 28, 2025 11:39 PM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ എഇ തസ്തികയിലേക്ക് പിൻവാതിൽ നിയമനമെന്ന് യുഡിഎഫ് ആരോപണം. വാഴത്തോപ്പ് പഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസിൽ നടത്തിയ എഇ നിയമനം റദ്ദ് ചെയ്ത് നിയമങ്ങൾ പാലിച്ച് ഇന്റർവ്യു നടത്തി നിയമനം നടത്തണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
നിയമനവുമായി ബന്ധപ്പെട്ട പരസ്യം ഏതെങ്കിലും രണ്ടു പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നാണ് നിയമം. എന്നാൽ പാർട്ടി പത്രത്തിൽ മാത്രമാണ് പരസ്യം ചെയ്തത്. ഇന്റർവ്യു നടത്തുന്ന തീയതി ഉൾപ്പെടെ ആരെയും അറിയിച്ചില്ല. ഇന്റർവ്യു ബോർഡിലേക്കുള്ള ആളുകളുടെ ലിസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എന്നാൽ, പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ട ഉൾപ്പെടുത്തിയില്ല. ഇങ്ങനെയുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടത്തിയ ഇന്റർവ്യൂവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ മാത്രമാണ് ഹാജരായത്.
ഇദ്ദേഹത്തിന് വാഴത്തോപ്പ് പഞ്ചായത്തിൽ എൽഎസ്ജിഡി ഓഫീസിൽ ഓവർസീയറായി നാലു മാസം മുൻപ് നിയമനം നൽകിയിട്ടുള്ളതാണ്. ഇപ്പോൾ നടത്തിയിരിക്കുന്ന ഇന്റർവ്യു റദ്ദു ചെയ്ത് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തണമെന്ന് യുഡിഎഫ് അംഗങ്ങളായ വിൻസന്റ് വള്ളാടി, ടിന്റു സുഭാഷ്, സെലിൻ വിൽസൺ, പി.വി. അജേഷ് കുമാർ, കുട്ടായി കറുപ്പൻ, ഏലിയാമ്മ ജോയി, ആലീസ് ജോസ് എന്നിവർ ആവശ്യപ്പെട്ടു.