മുൻതലമുറ വികസനത്തിന് കൈയൊപ്പു ചാർത്തിയവർ: മാർ ജോർജ് പുന്നക്കോട്ടിൽ
1546084
Sunday, April 27, 2025 11:33 PM IST
ചെറുതോണി: ഒരു നാടിന്റെ വികസനം പഴയ തലമുറയുടെ ത്യാഗത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് കോതമംഗലം മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ. മുളകുവള്ളി സെന്റ് ജോസഫ് പള്ളിയുടെ രജത ജൂബിലിയോടനുബന്ധിച്ച് മുതിർന്ന തലമുറയെ ആദരിച്ചു സംസാരിക്കുകയായിരുന്നുബിഷപ്.
ഏതൊരു പ്രദേശത്തിന്റെയും വികസനപ്രവർത്തനങ്ങൾ അതത് പ്രദേശത്തുള്ള ദേവാലയത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മുളകുവള്ളി ഗ്രാമത്തിന്റെ വികസനത്തിൽ ഈ ദേവാലയത്തിന്റെയും ഇവിടെ സേവനം ചെയ്തിട്ടുള്ള പുരോഹിതരുടെയും കഠിനാധ്വാനം വിസ്മരിക്കാവുന്നതല്ല. ഇവിടുത്തെ മുതിർന്ന തലമുറയുടെ അധ്വാന ഫലമാണ് ഇന്നനുഭവിക്കുന്ന നേട്ടങ്ങളെല്ലാമെന്നും മാർ ജോർജ് പുന്നക്കോട്ടിൽ പറഞ്ഞു.
ഇടവകയിലെ നാനാ ജാതി മതസ്ഥരായ എഴുപതുവയസു കഴിഞ്ഞ നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. മാർ ജോർജ് പുന്നക്കോട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വയോജനങ്ങളെയും ഉപഹാരങ്ങൾ നൽകി ബിഷപ്പ് ആദരിച്ചു. സ്നേഹ വിരുന്നോടെ സമാപിച്ചു.
ഇടവക വികാരി ഫാ. ജോബി പൂവത്തിങ്കൽ, അസി. വികാരി ഫാ. ജസ്റ്റിൻ കൈമല സിഎംഐ, മനോജ് കൊച്ചുപറമ്പിൽ, ദിപു ചാലിൽ, സിസ്റ്റർ മേഴ്സിലിൻ എന്നിവർ നേതൃത്വം നൽകി.