കുരിശ് തകർക്കൽ: മൗനം തുടർന്ന് മുഖ്യമന്ത്രി
1546345
Monday, April 28, 2025 11:39 PM IST
തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനംവകുപ്പധികൃതർ തകർത്ത സംഭവത്തിൽ പ്രതികരിക്കാതെ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ നെടുങ്കണ്ടം ഗവ. വൊക്കേഷണൽ എച്ച്എസ്എസിൽ നടന്ന ജില്ലാതല യോഗത്തിലും വൈകുന്നേരം ടൗണിൽ നടന്ന പൊതുസമ്മേളനത്തിലും ഏറെ നേരം പ്രസംഗിച്ച മുഖ്യമന്ത്രി സമീപനാളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുരിശു പൊളിക്കലും വണ്ണപ്പുറം വില്ലേജ് ഓഫീസർ നൽകിയ തെറ്റായ റിപ്പോർട്ട് സംബന്ധിച്ചും യാതൊന്നും പറയാൻ തയാറായില്ല.
കഴിഞ്ഞ ദിവസം കുരിശു തകർത്ത സ്ഥലം സന്ദർശിച്ച സിപിഎം ജില്ലാ സെക്രട്ടറി വനംവകുപ്പിനെതിരേയും വില്ലേജ് ഓഫീസർക്കെതിരേയും രൂക്ഷമായി പ്രതികരിച്ചിരുന്നു. നാട്ടുകാരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. എന്നാൽ ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളോ രാഷ്ട്രീയകക്ഷി നേതാക്കളോ മുഖ്യമന്ത്രിയെ വിവരം ധരിപ്പിക്കുകയോ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
അതേ സമയം അടുത്തമാസം ഭൂപതിവ് ചട്ടഭേദഗതി നടപ്പാക്കുമെന്നും അതോടെ ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കപ്പെടുമെന്നുമുള്ള ഉറപ്പു മാത്രമാണ് മുഖ്യമന്ത്രി രണ്ടു യോഗങ്ങളിലും പ്രസംഗിച്ചത്. തൊമ്മൻകുത്തിൽ നിന്നു നിവേദനവുമായി എത്തിയ കർഷക പ്രതിനിധികൾക്കും വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സർക്കാരിന്റെ അറിവോടെയാണ് സംഭവങ്ങൾ നടന്നതെന്ന ജനങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും കർഷകർ പറഞ്ഞു.
വനംവകുപ്പിന്റെയും വില്ലേജ് ഓഫീസറുടെയും നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ. മേയ് ഒന്നിന് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ മുണ്ടൻമുടി അച്ചൻകവലയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ക്രൈസ്തവ സംഘടനകളും പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്.