മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം കരുതൽ തടങ്കലിൽ
1546349
Monday, April 28, 2025 11:39 PM IST
കട്ടപ്പന: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് കരുതൽ തടങ്കൽ.
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ, ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി. മനോജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് കട്ടപ്പന വഴി മടങ്ങുന്ന വേളയിൽ കരിങ്കൊടി അടക്കമുള്ള പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്.
മുഖ്യമന്ത്രിയുടെ യോഗം നെടുങ്കണ്ടത്ത് നടക്കുന്പോൾ കട്ടപ്പനയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ഇതേ യോഗത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് നേതാക്കളെ പോലീസ് തടങ്കലിലാക്കിയത്. പ്രതിഷേധ കൂട്ടായ്മ നടക്കുമ്പോൾ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ സ്പെഷൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കട്ടപ്പനയിൽ നിലയുറപ്പിച്ച നേതാക്കളെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വച്ച് തടങ്കലിലാക്കുകയായിരുന്നു.
പോലീസിന്റെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. സർവതിനെയും ഭയമുള്ള ഭീരുവായ മുഖ്യമന്ത്രിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് എഐസിസി അംഗം ഇ. എം. ആഗസ്തി ആരോപിച്ചു.