ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച സർക്കാർ: പി.ജെ. ജോസഫ്
1546350
Monday, April 28, 2025 11:39 PM IST
കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമ്പതു വർഷത്തെ ജന വഞ്ചനകൾക്കെതിരേ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മ നടത്തി. കട്ടപ്പനയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പി.ജെ. ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഹൈറേഞ്ചിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ. ഇടുക്കി പാക്കേജ് എന്തായി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ കർഷകർ പ്രതിസന്ധിയിലാണ്. അവ പരിഹരിക്കാനുള്ള യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഭൂനിയമ ഭേദഗതി കൊണ്ടുവന്ന് ഗവർണർ അംഗീകരിച്ചിട്ട് ഒന്നരവർഷം കഴിയുന്നു.എന്നാൽ, ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പട്ടയ നടപടികളിലും കാർഷിക പ്രതിസന്ധികളിൽ ഉൾപ്പെടെ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ് ഇവയ്ക്കെല്ലാം പരിഹാരം കാണേണ്ടതുണ്ട്. ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ഇടുക്കിയുടെ വികസനത്തെ പിറകോട്ട് അടിപ്പിച്ച സർക്കാരാണ് എൽഡിഎഫ് സർക്കാർ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ വഷളാക്കി ഇടുക്കിയിലെ ജനങ്ങളെ കൂടി ഇറക്കാൻ ശ്രമിക്കുകയാണ്, അതോടൊപ്പം കൊള്ള പിരിവ് നടത്തുകയുമാണ് പിണറായി വിജയൻ സർക്കാരെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. ചിറ്റമ്മ നയമാണ് ഇടുക്കി ജില്ലയോട് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. പ്രഫ. എം ജെ ജേക്കബ്. ഇ. എം. ആഗസ്തി . റോയി കെ. പൗലോസ്. കെ.എസ്. സിയാദ് . കെ. സുരേഷ് ബാബു, എം. എൻ. ഗോപി, തോമസ് രാജൻ,അഡ്വ. സിറിയക് തോമസ്, എം. മോനിച്ചൻ ,തോമസ് പെരുമന,എം.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.