എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയെന്ന് മുഖ്യമന്ത്രി
1546347
Monday, April 28, 2025 11:39 PM IST
നെടുങ്കണ്ടം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണെന്നും അത് സങ്കല്‍പ്പമല്ല, വര്‍ത്തമാനകാലത്തെ യാഥാര്‍ഥ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരളത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. ഒമ്പതു വര്‍ഷം മുന്‍പുവരെ കേരളത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് പരിശോധിക്കണം. വിവിധ മേഖലകളില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ജനം നിരാശരായിരുന്നു. 2016ല്‍ കേരളത്തില്‍ എല്‍ഡിഎഫ് അല്ല അധികാരത്തില്‍ വന്നിരുന്നതെങ്കില്‍ ഇക്കാണുന്ന മാറ്റങ്ങള്‍ എന്തെങ്കിലും സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും സമാനതകള്‍ ഇല്ലാത്ത വികസനമാണ് ഒമ്പത് വര്‍ഷം കൊണ്ട് ഉണ്ടായത്.
എല്‍ഡിഎഫ് സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന് കിഫ്ബി ഫണ്ട് ചെലവഴിച്ചു. എന്നാല്‍, അതിനെ എതിര്‍ക്കാനും ഒരു കൂട്ടരുണ്ടായി. പക്ഷേ ജനം ആഗ്രഹിച്ചത് വികസനമായിരുന്നു. 90,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നാട് ഏറ്റെടുത്തിരിക്കുന്നത്. എവിടെ നോക്കിയാലും കിഫ്ബിയിലൂടെ സാധ്യമായ വികസനത്തിന്റെ സാക്ഷ്യപത്രം ഉണ്ട്. ഒരു തരത്തിലും നടക്കില്ലെന്ന് പറഞ്ഞ പദ്ധതികള്‍ വരെ നടപ്പിലായി.
എല്ലാ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചതോടെ നാട് പുരോഗമിക്കുകയാണെന്ന് ജനത്തിന് ബോധ്യമായി. 2016നു ശേഷം പ്രകൃതി ദുരന്തം, മഹാമാരി, നിപ്പ തുടങ്ങിയ ദുതിന്തങ്ങളെ നമ്മള് അതിജീവിച്ചു. നമ്മെ സഹയിക്കേണ്ടിയിരുന്നവര് സഹായിച്ചില്ലെന്നും ന്യായമായ വിഹിതം നല്കാന് കേന്ദ്രം തയ്യാറായില്ലെന്നും അത്തരം സമീപനം സ്വീകരിച്ച ബിജെപിക്കൊപ്പം നിന്ന് സംസ്ഥാനത്തെ കുറ്റപ്പെടുത്താനാണ് യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ നടന്ന പൊതുസമ്മേളനത്തില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്, രാമചന്ദ്രന് കടന്നപ്പള്ളി, എംഎല്‍എമാരായ എം.എം. മണി, എ രാജ, വാഴൂര്‍ സോമന് തുടങ്ങിയവർ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.