സർക്കാരിന്റെ നാലാം വാർഷികം; അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് ഡിഇഒ
1546348
Monday, April 28, 2025 11:39 PM IST
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇന്നു നടക്കുന്ന പരിപാടികളിൽ പ്രഥമാധ്യാപകരും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ്. കട്ടപ്പന ഡിഇഒ കെ.വി. ആൻസൻ ജോസഫാണ് പ്രധാനാധ്യാപകർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്. വിദ്യാഭ്യാസ ജില്ലയിലെ പത്തു സ്കൂളുകളുടെ പട്ടിക സഹിതമാണ് കത്തയച്ചിരിക്കുന്നത്. ഈ സ്കൂളുകളിലെ പ്രധാനാധ്യാപകരും അധ്യാപകരും ഇന്നു ചെറുതോണിയിൽ നടക്കുന്ന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പ്രധാനാധ്യാപകർക്ക് ഇത്തരത്തിൽ കത്തു നൽകിയിട്ടില്ല. സർക്കാർ സ്പോണ്സർ പരിപാടി വിജയിപ്പിക്കാനാണ് ഡിഇഒ ഇത്തരമൊരു വിചിത്ര ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് വിവിധ അധ്യാപക സംഘടനകൾ ആരോപിക്കുന്നത്.
സർക്കാർ വാർഷികത്തിന് അധ്യാപകരെ വിളിച്ചുവരുത്തുന്ന ഡിഇഒയുടെ നിർദേശം അംഗീകരിക്കില്ലെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി അറിയിച്ചു. അവധിക്കാലത്ത് പേപ്പർ വാലുവേഷൻ, എട്ടാം ക്ലാസിലെ അധിക പിന്തുണ ക്ലാസ് , എസ്ആർജി പരിശീലനം എന്നിവ നടക്കുന്പോൾ അധ്യാപകരെ സർക്കാർ പരിപാടികളിൽ നിർബന്ധ പൂർവം വിളിച്ചുവരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പരിപാടി ബഹിഷ്കരിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ , സംസ്ഥാന സെക്രട്ടറി പി.എം നാസർ , സുനിൽ ടി.തോമസ്, ബിജോയ് മാത്യു, ഷിന്റോ ജോർജ്, ജോർജ് ജേക്കന്പ് , വി.കെ ആറ്റ്ലി, സജി മാത്യു, ടി. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.