മലയോര ജനത പറയുന്നു: മുഖ്യമന്ത്രീ, ഇതൊന്നു കേൾക്കൂ...
1546086
Sunday, April 27, 2025 11:33 PM IST
തൊടുപുഴ: നവകേരള സദസിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മലയോര ജില്ലയിലെത്തുന്പോൾ അദ്ദേഹത്തിനു മുന്നിലേക്കെത്തുന്നത് ഇവിടുത്തെ ജനങ്ങൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ. കാലങ്ങളായി പരിഹാരമില്ലാതെ നീളുന്ന സങ്കീർണമായ പ്രശ്നങ്ങളുടെ നടുവിൽ കഴിയാനാണ് പലപ്പോഴും ഇടുക്കിക്കാരുടെ വിധി. പ്രതിസന്ധികളോട് മല്ലിട്ട് മണ്ണിൽ പൊന്നുവിളയിക്കുന്ന മലയോര ജനതയുടെ കണ്ണുനീർ കാണാൻ പോലും അധികൃതർ തയാറാകുന്നില്ല. സർക്കാർ വകുപ്പുകൾ പോലും ജനദ്രോഹ നടപടികളുമായി നീങ്ങുന്പോൾ ഇനി ആരുടെ മുന്നിൽ തങ്ങളുടെ സങ്കടങ്ങൾ പറയുമെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. എന്തായാലും ഇന്നു മുഖ്യമന്ത്രി നടത്തുന്ന സംവാദത്തിൽ ജില്ല നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സാധ്യത.
പട്ടയ പ്രശ്നം
ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജില്ലയിലെ പട്ടയ വിതരണം കോടതി നിർദേശപ്രകാരം നിർത്തിവച്ചിരിക്കുകയാണ്. ആയിരക്കണക്കിനുപേർ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. 2024 ജനുവരി 10നാണ് 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയവിതരണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. എന്നാൽ ഈ കേസിൽ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയാത്തതാണ് പട്ടയ നടപടികൾക്ക് വിലങ്ങുതടിയായതെന്ന് നിയമവിദഗ്ധർ പറയുന്നു.
2024 ഒക്ടോബർ 24നാണ് സിഎച്ച്ആറിലെ പട്ടയം തടഞ്ഞ് സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയത്. ഇതോടെ ജില്ലയിലെ പട്ടയവിതരണം പൂർണമായും നിലച്ചു. ഷോപ് സൈറ്റുകൾ, രാജാക്കാട് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, കല്ലാർകുട്ടിയിലെ 10 ചെയിൻ മേഖല, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ മൂന്നു ചെയിൻ മേഖലകൾ എന്നിവിടങ്ങളിൽ പട്ടയം നൽകാൻ നടപടിയുണ്ടായില്ല.
ഹൈറേഞ്ചിലെ ആദ്യ കൂടിയേറ്റമേഖലയായ ഉപ്പുതറയിലെ ടൗണ് ഉൾപ്പെടുന്ന ഏഴ് സർവേ നന്പറിലെ കർഷകരും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റ പേരിൽ ആറ് സർവേ നന്പറിൽ താമസിക്കുന്ന 600 ഓളം പട്ടയ ഉടമകൾ 2015 മുതൽ ഇവിടെ കരം അടയ്ക്കാൻ കഴിയാതെ വിഷമിക്കുകയാണ്. ഇതുമൂലം ബാങ്കുകളിൽനിന്ന് വായ്പയെടുക്കാനോ എടുത്ത വായ്പ പുതുക്കാനോ കഴിയുന്നില്ല. 50ലധികം വർഷത്തിനു മുൻപ് പട്ടയം ലഭിച്ച് എല്ലാ ക്രയവിക്രയങ്ങളും നടത്താൻ നിയമപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്ന ഭൂമിയിലാണ് തടസമുണ്ടായിരിക്കുന്നത്.
ഭൂപതിവ് ചട്ട ഭേദഗതി
ജില്ലയിൽ ഭൂരിഭാഗം പട്ടയങ്ങളും 1964ലെ ഭൂപതിവ് ചട്ടപ്രകാരവും 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരവും പതിച്ചുനൽകിയതാണ്. ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് വിലക്കേർപ്പെടുത്തി 2019 ഓഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സങ്കീർണമായി. 2023 സെപ്റ്റംബർ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കി. എന്നാൽ പുതിയ ചട്ടങ്ങൾ രൂപവത്കരിച്ച് നടപ്പാക്കാൻ ഇനിയും നടപടി ഉണ്ടായിട്ടില്ല.
നിർമാണ നിയന്ത്രണം
ജില്ലയിലെ 13 വില്ലേജുകളിൽ ദുരന്തനിവാരണ നിയമപ്രകാരം നിർമാണ നിയന്ത്രണം ഏർപ്പെടുത്തി 2024 ജൂണിൽ ജില്ലാ കളക്ടറുടെ അന്തിമ ഉത്തരവിറങ്ങി. ഈ പഞ്ചായത്തുകളിൽ റെഡ്, ഓറഞ്ച് സോണുകളിലാണ് നിർമാണ നിയന്ത്രണമുള്ളത്. റെഡ് സോണിൽ 1614.5 ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾ മാത്രമേ നിർമിക്കാൻ അനുമതിയുള്ളു. ഓറഞ്ച് സോണിൽ മൂന്നു നിലകൾ മാത്രം നിർമിക്കാം.
ഏലം പട്ടയ ഭൂമിയിലെ തൊഴിലാളി ലയം, ഏലം സ്റ്റോർ എന്നിവ നിർമിക്കാൻ മുൻപ് അനുമതി നൽകിയിരുന്നു. എന്നാൽ 2019 നവംബറിൽ ഏലം പട്ടയ ഭൂമിയിൽ നിർമാണങ്ങൾ വിലക്കി സർക്കാർ ഉത്തരവിറക്കി.
ഇത്തരം നിർമാണങ്ങൾക്ക് അനുമതി നൽകിയാൽ പിന്നീട് ഫാംഹൗസ് എന്ന പേരിൽ റിസോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നായിരുന്നു സർക്കാർ വാദം.
വന്യമൃഗശല്യം
അതിരൂക്ഷമായ വന്യമൃഗശല്യമാണ് ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. കാട്ടാനകളും കാട്ടുപന്നികളും ഇന്ന് കൃഷിയിടങ്ങളിലെ പതിവു സാന്നിധ്യമായി. ജില്ലയിലെ ജനവാസ മേഖലകളിൽ കാട്ടുപന്നിയും കാട്ടുപോത്തും കാട്ടാനകളുമിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ പതിവാണ്. കാട്ടാനയുടെ ആക്രമണത്തിൽ പത്തോളം ജീവനുകളാണ് കഴിഞ്ഞ നാലുവർഷത്തിനിടെ നഷ്ടമായത്. കാട്ടാനങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഇവയെല്ലാം ഇപ്പോഴും കടലാസിലാണ്. കാട്ടാന ആക്രമണത്തിൽ മരിച്ചവർക്ക് മുഴുവൻ നഷ്ടപരിഹാരം പോലും നൽകാൻ കഴിഞ്ഞിട്ടില്ല. കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ കൂടുതൽ വേട്ടക്കാരെ ഏർപ്പെടുത്തണമെന്നും ജില്ലയിൽ കൂടുതൽ ആർആർടി സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്.
വനമാക്കാനുള്ള ഗൂഢനീക്കം
ജില്ലയിൽ 1837.10 ഏക്കർ റവന്യൂ ഭൂമിയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംരക്ഷിത വനമായി കരട് വിജ്ഞാപനം ചെയ്തത്. ആകെ വിസ്തൃതിയുടെ പകുതിയോളം വനമുള്ള ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കുന്നത് കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആശങ്കയാണ് ശക്തമാകുന്നത്. വനംവകുപ്പിന്റെ അനാവശ്യ കടന്നുകയറ്റത്തിന്റെ അവസാനത്തെ ഉദാഹരണമാണ് തൊമ്മൻകുത്ത് നാരങ്ങാനത്തെ കുരിശ് വനംവകുപ്പ് പൊളിച്ച സംഭവം.
2,15,720 ഏക്കർ സിഎച്ച്ആർ ഭൂമി വനമാണെന്നും ഇവിടത്തെ പട്ടയവും പാട്ടവും റദ്ദാക്കി ഭൂമിയേറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന ഒരു പതിറ്റാണ്ട് മുൻപ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഇപ്പോൾ അന്തിമ വാദം നടക്കുകയാണ്. കേസിൽ സർക്കാരിന് പ്രതികൂലമായ വിധി ഉണ്ടായാൽ ജില്ലയിലെ ലക്ഷക്കണക്കിന് കർഷകർ കുടിയിറങ്ങേണ്ടി വരും.
12,000 കോടി എവിടെ?
ഇതിനിടെ പ്രളയത്തെയും കോവിഡിനെയും അതിജീവിക്കാനായി ജില്ലയ്ക്കായി സർക്കാർ 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ആയിരം കോടി രൂപപോലും ഇതുവരെയും അനുവദിക്കപ്പെട്ടിട്ടില്ല. ഇതിന്റെ പേരിൽ ഒരു പദ്ധതി പോലും ആവിഷ്കരിച്ചിട്ടുമില്ല.
സർക്കാർ പ്രഖ്യാപിച്ച പാക്കേജ് എവിടെയെന്ന ചോദ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഉത്തരവുമില്ല.
മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ; പ്രത്യേക
ക്ഷണിതാക്കളുമായി സംവദിക്കും
തൊടുപുഴ: സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഇന്ന് രാവിലെ 10.30ന് നെടുങ്കണ്ടം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, വാഴൂർ സോമൻ, പി.ജെ. ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള നാളെ മുതൽ മേയ് അഞ്ചു വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും.