മുഖ്യമന്ത്രിക്കു മുന്നിൽ നിവേദനവുമായി കർഷകർ
1546346
Monday, April 28, 2025 11:39 PM IST
തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്ത് കൈവശഭൂമിയിലെ കുരിശ് തകർത്തതിനെത്തുടർന്ന് വണ്ണപ്പുറം വില്ലേജിനു കീഴിലുള്ള 4,005 ഏക്കർ റിസർവ് വനഭൂമിയാണെന്ന റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ നൂറുകണക്കിനു കർഷകർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു കൈമാറി. എൽഡിഎഫ് സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് നെടുങ്കണ്ടത്തു നടന്ന ജില്ലാതല യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ നേരിൽക്കണ്ടാണ് നിവേദനം നൽകിയത്.
സർക്കാർ സ്ഥാപനങ്ങളും നിരവധി പൊതുസ്ഥാപനങ്ങളും ആരാധനാലയങ്ങളും റോഡുകളുമുള്ള സ്ഥലത്ത് പതിറ്റാണ്ടുകളായി കുടിയേറി കൃഷിചെയ്ത് ജീവിക്കുന്ന കർഷകർക്ക് പട്ടയംനൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വനംവകുപ്പ് ജണ്ട സ്ഥാപിച്ചതിന് പുറത്തേക്കും അവകാശവുമായി എത്തുന്നതു കടുത്ത നീതി നിഷേധവും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതുമായ കാര്യമാണ്. ജോയിന്റ് വേരിഫിക്കേഷൻ നടത്തുന്നതിനു വിട്ടുപോയ പ്രദേശത്ത് അതിനുള്ള നടപടി ഉടൻ പുനരാരംഭിക്കണം. കൈവശഭൂമിയിൽ തൊമ്മൻകുത്ത് ഇടവക സ്ഥാപിച്ച കുരിശ് വനംവകുപ്പധികൃതർ പിഴുതെറിഞ്ഞ നടപടി ധിക്കാരപരവും മതവിശ്വാസത്തിന്റെ പേരിലുള്ള കടന്നുകയറ്റവുമാണെന്ന് നിവേദനത്തിൽ പറയുന്നു.
തെറ്റായ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരേയും കുരിശ് തകർത്ത കാളിയാർ റേഞ്ച് ഓഫീസർക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ആവശ്യമായ ഇടപെടൽ നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.