നിർമാണ നിരോധനം പിൻവലിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
1546337
Monday, April 28, 2025 11:39 PM IST
നെടുങ്കണ്ടം: നിർമാണ നിരോധന നിയമം പിൻവലിക്കണമെന്ന് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ജില്ലയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്. നിർമാണ നിരോധനം ജനങ്ങൾക്ക് ശാപമായി തീർന്നിരിക്കുകയാണ്.
ഒരു പൗരൻ എന്ന നിലയിൽ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഈ നിരോധനം മൂലം നിഷേധിക്കപ്പെടുകയാണ്. കേരളത്തിൽ ആകമാനം നിർമാണ നിരോധനം വരാൻ ഇടവരുത്തും വിധം കോടതിയിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാട് തിരുത്തപ്പെടണം. 1960 മുതൽ 2016 വരെ ജനങ്ങൾ നടത്തിയിരുന്ന നിയമപരമായ നിർമാണ പ്രവർത്തനങ്ങൾ കേരളത്തിൽ ആകമാനം തടയപ്പെട്ടിരിക്കുകയാണ്. ഈ നിരോധനം അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണം.
ജില്ലയിൽ നിർമാണ സാമഗ്രികൾ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ ജനങ്ങൾക്ക് വീട് പണിയുന്നതിനുള്ള കല്ല്, മെറ്റൽ, മണൽ തുടങ്ങിയവ ഒന്നും ജില്ലയിൽ ലഭിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽനിന്നും വിദൂര പ്രദേശങ്ങളിൽ നിന്നും എത്തിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ഇത് ജനങ്ങൾക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നു. അതിനാൽ ജില്ലയിൽ പ്രാദേശികമായി കല്ല് പൊട്ടിച്ചെടുക്കുന്നതിനും പുഴമണൽ വാരുന്നതിനും നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണൽ ഉപയോഗിക്കുന്നതിനും ജനങ്ങൾക്ക് അവസരമൊരുക്കണം.
ജില്ലയിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും ക്രമീകരിക്കാൻ ഉതകുന്ന പദ്ധതികൾ നടപ്പാക്കണം. കർഷകരുടെ കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, കുറുക്കൻ, മയിൽ തുടങ്ങിയ ജീവികളെ നേരിടുന്നതിന് കർഷകർക്ക് അനുമതി നൽകണം. 2023ല് നിയമസഭ പാസാക്കിയ കേരള ലാൻഡ് അസൈൻമെന്റ് (അമെൻഡ്മെന്റ്) ആക്ടിന്റെ ചട്ടങ്ങൾ എത്രയും വേഗം നിർമിച്ച് ജില്ലയിലെ ഭൂപ്രശനങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയുടെ ആവശ്യങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഭൂപ്രശ്നങ്ങൾക്ക് എത്രയും വേഗം നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരക്കാട്ട്, ഫാ.ജോർജ് തകിടിയേൽ, ജോർജ് കോയിക്കൽ എന്നിവരും മെത്രാനൊപ്പം ഉണ്ടായിരുന്നു.