ഓണ്‍ലൈൻ മുദ്രപത്രം: മന്ത്രിക്ക് പ്രിന്റേഴ്സ് അസോസിയേഷൻ നിവേദനം നൽകി
1542518
Sunday, April 13, 2025 11:17 PM IST
തൊടുപുഴ: മുദ്രപത്രം ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റിയതു ആവശ്യക്കാരെ കടുത്ത ദുരിതത്തിലാക്കിയതായി കേരള പ്രിന്റേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രായമായവർക്കും സ്വന്തമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാത്തവർക്കുമാണ് കൂടുതൽ ദുരിതം. മുദ്രപത്രം വിൽക്കുന്ന സ്ഥാപനങ്ങളിൽ നീണ്ട ക്യൂ പലപ്പോഴും ദൃശ്യമാണ്.
മുദ്രപത്രം വാങ്ങാനെത്തുന്നവരുടെ ഫോണിലേക്ക് ഒടിപി വരാനുള്ള കാലതാമസം സ്ഥാപന നടത്തിപ്പുകാരെയും ഒരുപോലെ വലയ്ക്കുകയാണ്. നെറ്റ്വർക്ക് ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഫോണ്‍ നന്പർ മാറിപ്പോയി പലർക്കും പണവും നഷ്ടപ്പെടുന്നുണ്ട്.
മുദ്രപത്രവിൽപ്പന കൂടുതൽ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി. കെപിഎ ജില്ലാ പ്രസിഡന്റ് ടോം ചെറിയാൻ, തൊടുപുഴ മേഖലാ സെക്രട്ടറി ബിജി കോട്ടയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽ്കിയത്.