തേവാരംമെട്ട്-തേവാരം റോഡിനായി ജനകീയാവശ്യം ശക്തം
1542517
Sunday, April 13, 2025 11:17 PM IST
നെടുങ്കണ്ടം: ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയെയും മധുരയെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നെടുങ്കണ്ടം തേവാരംമെട്ട്-തേവാരം റോഡിനായുള്ള ജനകീയാവശ്യം വീണ്ടും സജീവമാകുന്നു.
തമിഴ്നാടിന്റെ ഭാഗമായ മൂന്നര കിലോമീറ്ററോളം റോഡ് ഗതാഗതയോഗ്യമാക്കി പാത പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യത്തിന് ആറു പതിറ്റാണ്ട് പഴക്കമുണ്ട്. തമിഴ്നാട് വനംവകുപ്പിന്റെ എതിർപ്പാണ് മലയോര ജനതയുടെ ഈ സ്വപ്ന പാതയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത്. ഹൈറേഞ്ചിലെ കുടിയേറ്റ കാലത്ത് ഏറെ സജീവമായിരുന്ന പാതയാണ് നെടുങ്കണ്ടത്തിനു സമീപം തേവാരംമെട്ടിൽനിന്നു തേവാരത്തേക്കുള്ളത്. മുന്പ് ചരക്കുനീക്കം വരെ നടന്നിരുന്ന പാത തമിഴ്നാട് അടയ്ക്കുകയായിരുന്നു.
എതിർപ്പുമായി വനംവകുപ്പ്
1964ൽ എംജിആർ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഈ റോഡ് നിർമാണത്തിന് പദ്ധതി തയാറാക്കിയത്. എന്നാൽ, തമിഴ്നാട് വനംവകുപ്പിന്റെ എതിർപ്പ് മൂലം പദ്ധതി നടപ്പാക്കാനായില്ല.പിന്നീട് 1981-ൽ റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയിരുന്നു. തുടർന്ന് പല തവണ റോഡ് നിർമിക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. 2018-ൽ ശബരിമല തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനായി പാത പുനരുജ്ജീവിപ്പിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. ആറരക്കോടി രൂപ ചെലവഴിച്ച് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തുകയും 25 കോടിയുടെ എസ്റ്റിമേറ്റ് ദേശീയപാതാ വിഭാഗത്തിന് കൈമാറുകയും ചെയ്തു. എന്നാൽ തമിഴ്നാട് വനംവകുപ്പ് പദ്ധതിക്ക് അനുമതി നൽകിയില്ല. ഒടുവിൽ കഴിഞ്ഞ വർഷം തമിഴ്നാട് വനം വകുപ്പ് റോഡ് തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും യാഥാർഥ്യമായില്ല.
തമിഴ്നാട്ടിലേക്ക് കുറഞ്ഞ ദൂരം
ഹൈറേഞ്ചിലെ മറ്റ് അന്തർ സംസ്ഥാന പാതകളെ അപേക്ഷിച്ച്, കുറഞ്ഞ ദൂരത്തിൽ തമിഴ്നാട്ടിൽ എത്താമെന്നതാണ് ഈ പാതയുടെ പ്രത്യേകത. നിലവിൽ ബോഡിമെട്ടിൽ നിന്നു വലിയ വളവുകൾ കടന്നുവേണം ബോഡി നായ്ക്കന്നൂരിലെത്താൻ. കൂടാതെ കന്പംമെട്ടിൽനിന്നു കന്പത്തെത്താൻ 12 കിലോമീറ്ററോളം ദൂരം സഞ്ചരിക്കണം.
എന്നാൽ ദിർദിഷ്ട പാത യാത്രാദൂരവും സമയവും കുറയ്ക്കും. നേരത്തേ ജീപ്പ് സഞ്ചരിച്ചിരുന്ന പാത ഇന്ന് കുറ്റിക്കാടുകൾ മൂടിയ നിലയിലാണ്.
റോഡ് യാഥാർഥ്യമായാൽ കൊച്ചിയും മധുരയും തമ്മിലുള്ള റോഡ് ഗതാഗതം കുറഞ്ഞ ദൂരത്തിൽ സാധ്യമാകും. ഇതിനു പുറമേ നെടുങ്കണ്ടത്തുനിന്നു 40 കിലോമീറ്റർ സഞ്ചരിച്ചാൽ തേനി മെഡിക്കൽ കോളേജിൽ എത്താം. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്നതിന്റെ പകുതി സമയമുണ്ടെങ്കിൽ ഈ വഴി തേനിയിൽ എത്തിച്ചേരാം.
120 കിലോമീറ്റർ സഞ്ചരിച്ചാൽ മധുര, ദിണ്ടിഗൽ എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരാനും കഴിയും. റോഡ് യാഥാർഥ്യമാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടണമെന്ന ആവശ്യവുമായി കേരളം നിരവധി തവണ തമിഴ്നാടിനെ സമീപിക്കുകയും റോഡിന്റെ പ്രാധാന്യത്തെപ്പറ്റി കേരള നേതാക്കൾ തമിഴ്നാടിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ടൂറിസം രംഗത്ത് കുതിപ്പേകും
പാത യാഥാർഥ്യമായാൽ ജില്ലയുടെ തന്നെ വാണിജ്യ, വ്യാവസായിക, വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് വഴി കേരളത്തിലെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർക്കും വലിയ അനുഗ്രഹമാകും. മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പാത ഗുണകരമാകും. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ തേനി, തോരം വഴി കേരളത്തിലേക്ക് തിരിച്ചുവിടുകയും കോന്പയാർ മുണ്ടിയെരുമ കട്ടപ്പന വഴി കുട്ടിക്കാനത്ത് പ്രവേശിപ്പിക്കാനും സാധിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളായ രാമക്കൽമേട്, ചതുരംഗപ്പാറ, മാൻകുത്തിമേട് തുടങ്ങിയ പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനും കരുത്തേകും. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ തമിഴ്നാട്ടിൽ വിറ്റഴിക്കാനും തമിഴ്നാട്ടിൽനിന്ന് വിലക്കുറവിൽ പല സാധനങ്ങളും കേരളത്തിലേക്ക് എത്തിക്കാനും കഴിയും. റോഡ് നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ ആക്ഷൻ കൗണ്സിൽ രൂപീകരിച്ചിട്ടുണ്ട്.