വിഷു ആഘോഷം: തിരക്കിൽ മുങ്ങി നാടും നഗരവും
1542516
Sunday, April 13, 2025 11:17 PM IST
തൊടുപുഴ: മലയാളികൾക്ക് വിളവെടുപ്പിന്റെയും സന്പത്സമൃദ്ധിയുടേയും ഉത്സവമായ വിഷു ആഘോഷത്തിനായി ജനങ്ങൾ വിപണികളിലേയ്ക്കിറങ്ങിയപ്പോൾ തിരക്കിൽ മുങ്ങി നാടും നഗരവും. പുലർച്ചേ കണ്നിറയെ കാണുന്നതിനായുള്ള വിഷുക്കണിയൊരുക്കാനും സദ്യവട്ടം തയാറാക്കാനും ആവശ്യമായ സാധനങ്ങൾ വാങ്ങാൻ കുടുംബസമേതമാണ് ജനങ്ങൾ ടൗണുകളിലെത്തിയത്.
വിഷുവിന്റെ മുന്നൊരുക്കളുടെ ഭാഗമായി ഇന്നലെ രാവിലെ മുതൽ തന്നെ നഗര ഗ്രാമ വ്യത്യാസമില്ലാതെ കണിയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാനുള്ള വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കോടിയെടുക്കുന്നതിനും മറ്റുമായി തുണിക്കടകളിലും തിരക്കുതന്നെ.
പഴങ്ങളുടെയും പച്ചക്കറിയുടെയും പടക്കങ്ങളുടെയും താത്കാലിക കടകളും ടൗണുകളിൽ സജീവമായിരുന്നു. കണിക്കൊന്ന പൂക്കൾ വില്പനയ്ക്കെത്തിച്ച് കച്ചവടക്കാരും നഗരത്തിൽ സജീവ സാന്നിധ്യമായി. കൊന്നപ്പൂ ഒരു പിടിക്ക് 50 രൂപ വരെയായിരുന്നു വില. യുവാക്കളും കുട്ടികളുമായിരുന്നു പ്രധാനമായും കൊന്നപ്പൂക്കളുടെ വില്പനക്കാർ. പല പാതയോരങ്ങളിലും കൊന്നപ്പൂക്കൾ വിൽക്കുന്ന കുട്ടികളെയും യുവാക്കളെയും കാണാമായിരുന്നു.
ചെറുതും വലുതുമായ നിരവധി താത്കാലിക പടക്കക്കടകളാണ് നഗരത്തിന്റെ മുക്കിലും മൂലയിലും നിരന്നത്. ശബ്ദം കൂടുതലുള്ള പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമുള്ളതുകൊണ്ട് വർണാഭമായ ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. വിഷുദിനമായ ഇന്നും പടക്കവിപണി സജീവമായിരിക്കും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റം കാര്യമായി ബാധിച്ചില്ലായെന്നത് സാധാരണക്കാർക്ക് ആശ്വാസമായി. വിഷു പ്രമാണിച്ച് കണി വെള്ളരിക്ക് നേരിയ തോതിൽ വില കൂട്ടിയാണ് കട്ടവടക്കാർ വില്പന നടത്തിയത്. എന്നാൽ പച്ചക്കറി ഉത്പന്നങ്ങൾക്ക് കാര്യമായ വില വർധനയുണ്ടായില്ല. എങ്കിലും വിഷുക്കച്ചവടം ഇത്തവണ കാര്യമായി ലഭിച്ചില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.
ഇന്നലെ ഞായറാഴ്ച ആയതിനാൽ പൊതുവേ നഗരത്തിൽ കാര്യമായ വാഹനത്തിരക്ക് അനുഭവപ്പെട്ടില്ല. തൊടുപുഴയിലും കട്ടപ്പനയിലും വൈകുന്നേരത്തോടെ ചെറിയ തോതിൽ ഗതാഗത സ്തംഭനമുണ്ടായി. തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന ടൗണുകളിലെല്ലാം പോലീസിനെ വിന്യസിച്ചിരുന്നു.