നഗരസഭയുടെ ഉറപ്പ് പാഴായി; വഴിയോരക്കച്ചവടത്തിനെതിരേ നടപടിയില്ല
1539327
Friday, April 4, 2025 12:03 AM IST
കട്ടപ്പന: വഴിയോരക്കച്ചവടത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന നഗരസഭയുടെ ഉറപ്പ് പാഴായി. നഗരത്തിൽ അങ്ങോളമിങ്ങോളം നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള വഴിയോരക്കച്ചവടം തകൃതിയാകുന്നു.
കട്ടപ്പന നഗരത്തിൽ അനധികൃത വഴിയോരക്കച്ചവടം വ്യാപകമായതോടെ വ്യാപാരികളും വ്യാപാരി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്നെല്ലാം ഇത്തരത്തിലെ കച്ചവടത്തിനെതിരേ നടപടി സ്വീകരിക്കുന്നുണ്ടെന്നും നടപടി കർശനമാക്കുമെന്നും നഗരസഭ ഉറപ്പു നൽകിയിരുന്നു. എന്നാൽ, പകലും രാത്രിയും വഴിയോരക്കച്ചവടം തകൃതിയാവുകയാണ്. തമിഴ്നാട്ടിൽനിന്നടക്കമുള്ളവരാണ് വാഹനങ്ങളിൽ പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്നതിനായി നഗരത്തിൽ എത്തുന്നത്.
പല ഘട്ടങ്ങളിലും വഴിയോരക്കച്ചവടം നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടികൾ ഉണ്ടാകുന്നില്ല. സ്ഥിതി ഇത്തരത്തിൽ തുടർന്നാൽ വ്യാപാരസമൂഹം ഒന്നാകെ നിയമങ്ങൾ തെറ്റിക്കുകയും വഴിയോരക്കച്ചവടക്കാരെപ്പോലെതന്നെ നിയമങ്ങൾ കാറ്റിൽ പറത്തി വ്യാപാരം നടത്തുകയും ചെയ്യുമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.
ഏതാനും ആഴ്ചകൾക്കു മുമ്പ് കട്ടപ്പന പൊതുമാർക്കറ്റിൽ വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായുള്ള വസ്തുക്കൾ ഡിസ്പ്ലേ ചെയ്തതിന് നഗരസഭ നടപടിയെടുത്തിരുന്നു. ഇതേ സാഹചര്യത്തിലാണ് വഴിയോരക്കച്ചവടം മറുഭാഗത്ത് തകൃതിയാകുന്നത്. വഴിയോരക്കച്ചവടത്തിനെതിരേ ബോർഡ് സ്ഥാപിക്കുകയോ അറിയിപ്പ് നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. നഗരസഭയുടെ വ്യാപാരിദ്രോഹ നടപടിക്കെതിരേ പ്രതിരോധം തീർക്കുമെന്നും നേതാക്കൾ വ്യക്തമാക്കി .
കട്ടപ്പന ഇടുക്കി കവല, വെള്ളിയാംകുടി റോഡ്, ബിവറേജ് റോഡ് എന്നിവിടങ്ങളിലാണ് വഴിയോരക്കച്ചവടം സജീവമായിരിക്കുന്നത്. അതോടൊപ്പം കട്ടപ്പന കുന്തളംപാറ മാർക്കറ്റ് റോഡിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വഴിയോരക്കച്ചവടവും വർധിച്ചിട്ടുണ്ട്.