ഭവനപദ്ധതിക്ക് കൈക്കൂലി: നെടുങ്കണ്ടം വിഇഒയ്ക്ക് സസ്പെൻഷൻ
1539326
Friday, April 4, 2025 12:03 AM IST
നെടുങ്കണ്ടം: ഭവനപദ്ധതി ഗുണഭോക്താവില്‍നിന്നു നാലു തവണയായി 4,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ നെടുങ്കണ്ടം പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്. പി.വി. വിബിന്കുമാറിനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
നെടുങ്കണ്ടം ചോറ്റുപാറ ആലയ്ക്കല്‍ കെ.എ. ബിനു തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലന്‍സിന് നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ബിനുവിന് പിഎംഎവൈ പദ്ധതി വഴി വീട് അനുവദിച്ചിരുന്നു. നാലു ലക്ഷം രൂപയാണ് അനുവദിച്ചത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലുമാണ് ഉപഭോക്താക്കള്‍ക്ക് പണം അനുവദിക്കുന്നത്. ഈ തുക ഉപഭോക്താക്കള്‍ക്ക് പാസാക്കി നല്‍കേണ്ടത് വിബിന്കുമാറിന്റെ ചുമതലയാണ്.
എന്നാല്‍, ഓരോ ഘട്ടത്തിലും കൈക്കൂലി വാങ്ങുന്നതിനായി ഇയാള്‍ ഫയലുകള്‍ മനഃപൂര്‍വം വൈകിക്കുകയായിരുന്നുവെന്ന് ഇന്റേണൽ വിജിലന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ത്തിയായ ഘട്ടത്തില്‍ വരെ ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു. ഇനിയും പണം നല്കാന് നിർവാഹമില്ലാത്തതിനാലാണ് പരാതിപ്പെടുന്നതെന്നും പരാതിയില്‍ പറയുന്നു. വിഇഒ ഇതൊരു കീഴ്വഴക്കമായി സ്വീകരിച്ചുവരികയായിരുന്നെന്നു ബോധ്യപ്പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.