ജനവാസമേഖലയില്‍ കാട്ടാന കൃഷി നശിപ്പിച്ചു
1539325
Friday, April 4, 2025 12:03 AM IST
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സൗത്ത് കത്തിപ്പാറ കൈതച്ചാല്‍ ഭാഗത്ത് ജനവാസമേഖലയില്‍ കാട്ടാന കൃഷികൾ നശിപ്പിച്ചു. കൃഷിയിടത്തിലെ തെങ്ങും വാഴയുമടക്കമുള്ളവ കാട്ടാന നശിപ്പിച്ചു. പനംകുട്ടി ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരും മനുഷ്യ - വന്യജീവി സംഘര്‍ഷ ലഘൂകരണ കോ-ഓർഡിനേഷൻ അംഗം കെ. ബുള്‍ബേന്ദ്രനും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. മേഖലയില്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ കിടങ്ങ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍, കുറച്ച് ഭാഗത്തുകൂടി കിടങ്ങ് നിര്‍മിക്കാനുണ്ടെന്നും ഈ ഭാഗത്തുകൂടിയാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്കെത്തുന്നതെന്നും സമീപവാസികള്‍ പറഞ്ഞു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാല്‍ മേഖലയിലും പകല്‍ കാട്ടാന ജനവാസമേഖലയിലെ റോഡിലിറങ്ങി.
കാട്ടാന റോഡിലെത്തിയ സമയം ഇവിടെ വാഹനങ്ങളോ മറ്റ് ആളുകളോ ഇല്ലാതിരുന്നത് ആശ്വാസമായി. പഴമ്പള്ളിച്ചാല്‍ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണെന്നുള്ള പരാതി കഴിഞ്ഞ കുറേക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്.