നഗരമധ്യത്തിൽ ചാക്കിൽ കെട്ടി മാലിന്യം തള്ളി
1539319
Friday, April 4, 2025 12:03 AM IST
തൊടുപുഴ: നഗരമധ്യത്തിൽ പ്രധാന റോഡരികിൽ ചാക്കുകളിലാക്കി കെട്ടിയ മാലിന്യം തള്ളി. തൊടുപുഴയിലെ ഏറ്റവും തിരക്കേറിയ കാഞ്ഞിരമറ്റം-മങ്ങാട്ടുകവല റോഡരികിൽ ഒരു പകൽ മുഴുവൻ മാലിന്യം കുമിഞ്ഞുകൂടി കിടന്നിട്ടും സംഭവത്തിൽ യാതൊരു നടപടിയും കൈക്കൊള്ളാൻ നഗരസഭാ അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്.
ഇന്നലെ രാവിലെ മുതലാണ് ന്യൂമാൻ കോളജിന് സമീപം റോഡരികിലായി ചാക്കുകളിൽ കെട്ടിയ മാലിന്യം തള്ളിയതായി സമീപത്തെ വ്യാപാരികളുടെയും മറ്റും ശ്രദ്ധയിൽപ്പെടുന്നത്.
ഫുട്പാത്തിനോടു ചേർന്നു സ്ഥാപിച്ചിരിക്കുന്ന ഇരുന്പ് സംരക്ഷണ വേലിയിൽ ചാരിവച്ചിരിക്കുന്ന നിലയിലായിരുന്നു മാലിന്യം നിറച്ച ചാക്കുകൾ.
ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ചാക്കുകളിൽനിന്നു റോഡിലേക്കും ഫുട്പാത്തിലേക്കും ചിതറിവീഴുന്നുണ്ട്.
തൊടുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽനിന്നുള്ളതാണ് മാലിന്യമെന്ന് സ്ഥലത്തെത്തിയവർ പറഞ്ഞു. ഇതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.
ഇന്നലെ വൈകുന്നേരം പെയ്ത മഴയെത്തുടർന്ന് മാലിന്യം റോഡിലാകെ പടർന്നൊഴുകിയിട്ടുണ്ട്. കോളജും നിരവധി വ്യാപാര സ്ഥാപനങ്ങളും ഉള്ള ഭാഗത്താണ് ഇത്രയേറെ മാലിന്യം തള്ളിയിരിക്കുന്നത്. രാത്രി സമയത്ത് വാഹനത്തിലെത്തിച്ചതാവാൻ സധ്യതയുണ്ടെന്ന് സമീപത്തുള്ളവർ സൂചിപ്പിച്ചു.
പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചാൽ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിക്കും. പൊതുസ്ഥലത്തെ മാലിന്യം നീക്കം ചെയ്യുന്നതോടൊപ്പം കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
എട്ടിന് ജില്ല സന്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കാനിരിക്കെയാണ് പലയിടങ്ങളിലും ഇത്തരത്തിൽ മാലിന്യനിക്ഷേപം നടക്കുന്നത്. മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
എങ്കിലും ഇരുളിന്റെ മറവിൽ നടക്കുന്ന മാലിന്യം തള്ളലിനെതിരേ അധികൃതർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല.
ഇക്കാര്യത്തിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരാണ് ബോധവാന്മാരാകേണ്ടതെന്ന് ഹരിതകേരളം മിഷൻ അധികൃതർ പറഞ്ഞു.