ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ; പ്രതീക്ഷയിൽ യുഡിഎഫ്
1539316
Friday, April 4, 2025 12:03 AM IST
തൊടുപുഴ: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ രാവിലെ 11നു നടക്കും. ചെയർപേഴ്സനായിരുന്ന സിപിഎം അംഗം സബീന ബിഞ്ചുവിനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. 35 അംഗ കൗണ്‍സിലിൽ ഇപ്പോൾ 34 അംഗങ്ങളാണുള്ളത്.
ഒരു വാർഡിലെ കൗണ്‍സിലറെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കിയിരിക്കുകയാണ്. ഇപ്പോൾ യുഡിഎഫിന് 14 അംഗങ്ങളുടെയും എൽഡിഎഫിന് 12 അംഗങ്ങളുടെയും പിന്തുണയുണ്ട്.
മുൻ ചെയർപേഴ്സനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതിന്റെ പേരിൽ ബിജെപിയിലെ എട്ടംഗങ്ങളിൽ നാലു പേരെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ഒന്നിച്ചു നിന്നാൽ അവർക്ക് ഭൂരിപക്ഷം ലഭിക്കും.
എന്നാൽ രണ്ടുതവണ നടന്ന ചെയർമാൻ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിലെ ചില കൗണ്‍സിലർമാർ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് യുഡിഎഫിന് ഉറപ്പായിരുന്ന ഭരണം നഷ്ടമായത്. സ്ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇരു മുന്നണി നേതാക്കളും പറയുന്നത്.
യുഡിഎഫിൽ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ചെയർമാൻപദവി അവകാശപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ കെ. ദീപക് സ്ഥാനാർഥിയാകാനാണ് സാധ്യത. സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ചെയർമാൻ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കണമെന്ന് കാട്ടി ബിജെപി കൗണ്‍സിലർമാർക്ക് വിപ്പ് നൽകി.
പാർട്ടി ജില്ലാ പ്രസിഡന്റാണ് വിപ്പ് നൽകിയിരിക്കുന്നത്. ബിജെപിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവർക്കും രജിസ്റ്റേർഡായും പാർട്ടി മണ്ഡലം പ്രസിഡന്റ് നേരിട്ടും വിപ്പ് എത്തിച്ചു നൽകി. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് സസ്പെൻഡ് ചെയ്യപ്പെട്ട കൗണ്‍സിലർമാരും വ്യക്തമാക്കിയത്.