ജില്ലയിൽ കനത്ത വേനൽമഴ; മിന്നലിനെതിരേ ജാഗ്രത വേണം
1539315
Friday, April 4, 2025 12:03 AM IST
തൊടുപുഴ: ജില്ലയിൽ വ്യാപകമായ തോതിൽ വേനൽമഴ ലഭിച്ചു. ലോ റേഞ്ചിലും ഹൈറേഞ്ചിലും ഇന്നലെ വൈകുന്നേരം ശക്തമായ മഴയാണ് ലഭിച്ചത്. തൊടുപുഴയിൽ കനത്ത തോതിൽ പെയ്ത മഴ രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ലോറേഞ്ചിൽ ഏതാനും നാളുകളായി പരക്കെ വേനൽമഴ ലഭിച്ചെങ്കിലും ഹൈറേഞ്ചിൽ കാര്യമായ തോതിൽ മഴ ലഭിച്ചിരുന്നില്ല. അതിനാൽ ജലസ്രോതസുകളിലും നീരൊഴുക്കു കുറഞ്ഞിരുന്നു.
ഇടുക്കി ഉൾപ്പെടെ ഡാമുകളിൽ ജലനിരപ്പു താഴുകയും ചെയ്തിരുന്നു. ഇന്നലെ ശക്തമായ മഴ ലഭിച്ചതോടെ പെരിയാറിൽ ഉൾപ്പെടെ നീരൊഴുക്കു കൂടി. വേനലിൽ കരിഞ്ഞുതുടങ്ങിയ കാർഷികവിളകൾക്കും വേനൽമഴ ആശ്വാസമായി. ജില്ലയിൽ ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ശക്തമായ മഴയ്ക്കൊപ്പം കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്നും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴയോടൊപ്പം ഇടിമിന്നലും ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി. അപകടകാരിയായ ഇടിമിന്നലാണ് വേനൽമഴയോടൊപ്പം ഉണ്ടാകുന്നത്.
ജാഗ്രതാ നിർദേശം
ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുകയും ഇവ പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്യുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ് ഉപയോഗിക്കരുത്. തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക. മിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. ഈ സമയം വാഹനത്തിനകത്ത് തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
മഴക്കാറ് കാണുന്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. മിന്നലുള്ള സമയം കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല.
വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം എത്തിക്കുക.