അപകടസൈറണ്‍ മുഴങ്ങുന്നു; ചെവിയുള്ളവർ കേൾക്കട്ടെ
1533974
Tuesday, March 18, 2025 12:07 AM IST
ജോയി കിഴക്കേൽ
രാസലഹരിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുകയാണ് പുതുതലമുറ. അടിച്ചുപൊളിച്ചുജീവിക്കാൻ കൈനിറയെ പണം വേണം. അതിനായി ലഹരിവസ്തുക്കളുടെ കാരിയർമാരായി മാറുന്നവരുടെയും സുഖാസ്വാദന ചിന്തയുടെ മാദകലഹരിയിൽ മനം മയങ്ങി ഈയാംപാറ്റകളെപ്പോലെ ചിറകുകരിഞ്ഞ് ജീവിത നൈരാശ്യത്തിന്റെ പടുകുഴിയിൽ നിപതിക്കുന്നവരും ഏറെയാണ്. ഇവരെ ഓർത്ത് നെഞ്ചുപൊട്ടി നിലവിളിക്കുന്ന മാതാപിതാക്കൾ.
"ദൈവത്തിന്റെ സ്വന്തം നാടിന്റെ' ദയനീയ ചിത്രമാണിത്. സുഗന്ധ വ്യഞ്ജനങ്ങളുടെ വിളഭൂമി എന്നറിയപ്പെട്ടിരുന്ന ഇടുക്കി ജില്ലയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പുതുതലമുറയുടെ നെഞ്ചകം കൊത്തിവലിച്ചുകീറുന്ന ലഹരികഴുകൻമാരെക്കുറിച്ച്...
വിടരുംമുന്പേ കൊഴിഞ്ഞ്
വയസ് 12 പിന്നിട്ടതേയുള്ളൂ. ലഹരിയുടെ കയ്പുനീർ കുടിക്കാൻ വെന്പുകയാണ് അവൻ. ജില്ലയിലെ ഒരു കലാലയം.അവിടെ മണിച്ചെയിൻ പോലെയായിരുന്നു ലഹരിയുടെ വ്യാപനം. ആദ്യം ഒരാൾ ലഹരിയുടെ ഇരയായി. പിന്നീട് അടുത്തആളിലേക്ക്. ഒരു കൈവിരലിലെ എണ്ണം തീരുംമുന്പേ ലഹരിക്കൂട്ടായ്മയുടെ വിവരം സ്കൂൾ അധികൃതർ അറിഞ്ഞു. ലഹരിയുടെ ഉറവിടം കണ്ടെത്താൻ ഒരു വിദ്യാർഥിയെ ശട്ടം കെട്ടി.
ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞതോടെ കൂട്ടുകാർ ലഹരിയുടെ ഉറവിടം വെളിപ്പെടുത്തി. പിന്നീട് എക്സൈസിന്റെയും ആന്റി നാർക്കോട്ടിക് സെല്ലിന്റെയും നേതൃത്വത്തിൽ വിൽപ്പന നടത്തിയിരുന്ന കട റെയ്ഡ് ചെയ്ത് ലഹരിവസ്തുക്കൾ പിടികൂടിയതോടെയാണ് സ്കൂളിലേക്കുള്ള ലഹരിയുടെ വരവ് നിലച്ചത്. വിൽപ്പന നടത്തിയ ആൾ ശിക്ഷിക്കപ്പെടുകയും ചെയ്തു.
ജീവിതം തുലച്ചത് മിസ്ഡ് കോൾ
15 കാരനായ ഒരു വിദ്യാർഥിയുടെ ജീവിതം തകർത്തത് ഒരു മിസ്ഡ് കോളാണ്.
പാലരുവിയായി ഒഴുകുന്ന വെള്ളച്ചാട്ടത്തിൽ അവധിദിവസമായ ശനിയാഴ്ച എത്തണമെന്നായിരുന്നു മെസേജ്. ഇവിടെ എത്തിയാൽ മനോഹരകാഴ്ചകൾ കാണാമെന്നും വെള്ളത്തിൽ നീന്തിത്തുടിക്കാമെന്നുമൊക്കെ സന്ദേശം ലഭിച്ചപ്പോൾ അവിടെവരെ ഒന്നുപോകാൻ ജിജ്ഞാസ മുളപൊട്ടി. കൂട്ടുകാരന്റെ വീട്ടിൽ പോകുകയാണെന്നു പറഞ്ഞ് അച്ഛൻ നൽകിയ പണവും വാങ്ങി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തി.
നാലുപേർ "അരുണിനെ'കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു. ചെന്നപാടെ കുശലംപറഞ്ഞ് സൗഹൃദത്തിലായി. വലിക്കാൻ സിഗരറ്റ് നൽകി. കഞ്ചാവ് നിറച്ച സിഗരറ്റ് ഒറ്റത്തവണ വലിച്ചപ്പോൾ ഇനി വേണ്ടേ എന്ന് അവൻ പറഞ്ഞു.
ഒന്നുകൂടി വലിക്കെന്നായി മറ്റുള്ളവർ. അങ്ങനെ പലതവണ വലിച്ചു. പിന്നീട് ഈ സ്ഥലം ഇവർ ലഹരി ഉപയോഗിക്കാൻ ഒത്തുകൂടുന്ന ഇടമായി. ഒടുവിൽ ഈ വിദ്യാർഥിയും ലഹരിയുടെ അടിമയായി. ഫലമോ? ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയെഴുതാൻ ഈ വിദ്യാർഥിക്ക് കഴിഞ്ഞില്ല.
രക്ഷിച്ചത് ഇടിവെട്ട് ആക്ഷൻ
ജില്ലയിലെ ഒരു കോളജിനോട് ചേർന്നുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റൽ.
ഹോസ്റ്റലിലെ ഒരുമുറിയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണ് ഒരാളൊഴികെ മറ്റെല്ലാവരും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ കൂട്ടായി ഒരു തീരുമാനമെടുത്തു. ഇന്ന് ഫൈനൽ റിഹേഴ്സൽ.
റൂമിലെ പിന്തിരിപ്പൻ പാർട്ടിയെ നമ്മുടെ ഗാംഗിൽ ഉൾപ്പെടുത്തണം. സമ്മതിച്ചില്ലെങ്കിൽ "കാപ്പ" ചുമത്തി പുറത്താക്കണം.
ലഹരി ടീം മയക്കുമരുന്ന് നൽകിയപ്പോൾ ഇടിവെട്ട് കരാട്ടെ പ്രയോഗിച്ച് റൂമിൽനിന്നു രക്ഷപ്പെട്ട് ഓടുകയായിരുന്നു പാവം പെണ്‍കുട്ടി. രാത്രിയിൽ തന്നെ വീട്ടുകാരെത്തി കുട്ടിയെ ഇവിടെനിന്നു രക്ഷിക്കുകയായിരുന്നു. (തുടരും).