ബഫർ സോൺ: മന്ത്രി റോഷിയുടേത് നിസംഗനിലപാട് - പ്രഫ. എം.ജെ. ജേക്കബ്
1533962
Tuesday, March 18, 2025 12:07 AM IST
തൊടുപുഴ: ജലസേചന വകുപ്പിനു കീഴിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോണ്‍ പ്രഖ്യാപിച്ചതിൽ യാതൊരു ആശങ്കയും വേണ്ടെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നിലപാട് നിരുത്തരവാദിത്വപരമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം. ജെ. ജേക്കബ് പറഞ്ഞു.
ജല വിഭവ വകുപ്പ് ഇറക്കിയ ഉത്തരവിനുസരിച്ച് ബഫർ സോണുകൾ രണ്ട് കാറ്റഗറിയായാണ് തിരിച്ചിരിക്കുന്നത്. ആദ്യത്തെ കാറ്റഗറിയിൽ മാക്സിമം വാട്ടർ ലെവലിൽനിന്നും 20 മീറ്റർ ഉള്ളിൽ വരുന്ന ബഫർസോണിൽ ഒരു നിർമാണ പ്രവർത്തനവും അനുവദനീയമല്ല. കാറ്റഗറി രണ്ടിൽ 100 മീറ്ററിനുള്ളിൽ ചീഫ് എൻജിനിയറുടെയോ എക്സിക്യൂട്ടീവ് എൻജിനിയറുടേയോ അനുമതി ഇല്ലാതെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. വസ്തുത ഇതായിരിക്കെ യാഥാർഥ്യങ്ങൾ മറച്ചുവച്ചാണ് മന്ത്രി പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.
മലങ്കര അടക്കമുള്ള ജലസേചന ഡാമുകൾ നിർമിക്കുന്പോൾ മാക്സിമം വാട്ടർ ലെവലിന് ആവശ്യമായ സ്ഥലത്തിന് പുറമേ സംരക്ഷണമായി ക്യാച്ച്മെന്റ് ഏര്യയയ്ക്കുള്ള സ്ഥലവും പൊന്നുംവില നൽകി ഏറ്റെടുത്തിട്ടുള്ളതാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലവും ക്യാച്ച്മെന്റ് ഏര്യയയും ജണ്ടയിട്ട് വേർതിരിക്കപ്പെട്ടിട്ടുള്ളതാണ്. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിരസിക്കുന്ന ഉത്തരവാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. കൂടുതൽ സ്ഥലം ബഫർ സോണായി ആവശ്യം ഉണ്ടെങ്കിൽ മാർക്കറ്റ് വില നൽകി സർക്കാർ ഏറ്റെടുക്കുകയാണ് വേണ്ടത്. 100 മീറ്ററിനുള്ളിൽ ഉള്ള സ്വന്തം പട്ടയ സ്ഥലത്ത് 10 മീറ്ററിൽ കൂടിയ ഉയരമുള്ള കെട്ടിടം പണിയാൻ പാടില്ലെന്ന ഉത്തരവ് എങ്ങനെ അംഗീകരിക്കാനാകും.
ഇത്തരത്തിലുള്ള വിചിത്ര നിലപാടാണ് സർക്കാരും ജില്ലയിൽനിന്നുമുള്ള മന്ത്രിയും ആവർത്തിക്കുന്നത്. ഈ നിബന്ധനകളുള്ള ബഫർ സോണ്‍ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ കൂടിയായ ജേക്കബ് പറഞ്ഞു.