കലോത്സവം വിരുന്നെത്തി; ചന്തം ചാർത്തി തൊടുപുഴ
1533959
Tuesday, March 18, 2025 12:07 AM IST
തൊടുപുഴ: ഇടുക്കിക്ക് ഒരിക്കൽകൂടി ചന്തം ചാർത്തി എംജി സർവകലാശാല കലോത്സവത്തിന് ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴയിൽ തിരിതെളിഞ്ഞു. ഇനിയുള്ള ആറു ദിനം സർഗപ്രതിഭകൾ മാറ്റുരയ്ക്കുന്ന അവിസ്മരണീയ നിമിഷങ്ങൾക്ക് തൊടുപുഴ വേദിയാകും. അഞ്ച് വർഷത്തിന് ശേഷം മൂന്നാം തവണയാണ് അൽ അസ്ഹർ കോളജ് കാന്പസ് എംജി കലോത്സവത്തിന് വേദിയാകുന്നത്. ദസ്തക്, അണ്ടിൽ ലാസ്റ്റ് ബ്രീത്ത് എന്ന പേരിൽ സംഘടിപ്പിക്കുന്ന കലോത്സവത്തെ ആഘോഷ പൂർവം തൊടുപുഴക്കാർ വരവേറ്റു.
ഇന്നലെ രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും എട്ടരയോടെയാണ് സമ്മേളനം ആരംഭിച്ചത്. അൽ അസ്ഹർ കാന്പസിൽ സാഹിത്യകാരൻ പി.വി. ഷാജികുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് താരപ്പൊലിമയേകി റിലീസിനൊരുങ്ങുന്ന ലൗലി എന്ന ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, ജോമോൻ ജ്യോതിർ, ആഷ്ലിൻ, അശ്വതി മനോഹർ എന്നിവർ വിശിഷ്ടാതിഥികളായെത്തി. ചടങ്ങിൽ വിളംബര ജാഥയിൽ മികച്ച പ്രകടനം കാഴ്ചവച്ച കോളേജുകൾക്ക് സമ്മാനങ്ങൾ നൽകി.
തിരുവാതിര, കേരളനടനം, കഥകളി, ഭരതനാട്യം എന്നീ ഇനങ്ങൾ ഇന്നലെ രാത്രി വിവിധ വേദികളിൽ അരങ്ങേറി. വൈകി ആരംഭിച്ചതിനാലും മത്സരാർത്ഥികളുടെ ബാഹുല്യവും കാരണം പുലർച്ചെ വരെ വേദികളിൽ മത്സരങ്ങൾ നീണ്ടു. രാത്രി വൈകിയും മത്സരങ്ങൾ കാണാൻ ജനം വേദികളിലേക്ക് എത്തി. 278 കോളേജുകളിലെ 6396 മത്സരാർത്ഥികളാണ് 23 വരെ നീളുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. സമത്വത്തിനായി പ്രതിരോധം തീർത്ത നാടുകളുടെ പേരാണ് കലോത്സവ വേദികൾക്കു നൽകിയിരിക്കുന്നത്.
പ്രധാന വേദിയുടെ പേരായ കേരളത്തിനു പുറമെ ക്യൂബ, ഗാസ, ഇംഫാൽ, അമരാവതി, വീഴ്വെണ്മണി, വാച്ചാത്തി, കയ്യൂർ, തേഭാഗ എന്നിങ്ങനെയാണ് മറ്റ് വേദികളുടെ പേരുകൾ.