"അറിവും തിരിച്ചറിവും' പദ്ധതിക്ക് തുടക്കമായി
1533966
Tuesday, March 18, 2025 12:07 AM IST
അരിക്കുഴ: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെയും മൂവാറ്റുപുഴ നിർമല കോളജ് എംസിഎ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ അറിവും തിരിച്ചറിവും പദ്ധതിക്ക് തുടക്കമായി. കംപ്യൂട്ടർ, സ്മാർട്ട് ഫോണ് എന്നിവ കൈകാര്യം ചെയ്യാൻ സമൂഹത്തിലെ മുതിർന്നവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
എംസിഎ വിദ്യാർഥികൾ മുതിർന്നവരെ അവരുടെ കൈവശമുള്ള സ്മാർട്ട് ഫോണ്, ലാപ്ടോപ് ഉപയോഗിച്ച് പ്രോജക്ടറിന്റെ സഹായത്തോടെ വാട്സ്ആപ്പ്, ഇ-മെയിൽ ഐഡി , ഗൂഗിൾ പേ , ലൊക്കേഷൻ മാപ്പ് തുടങ്ങിയവയുടെ ഉപയോഗവും ദുരുപയോഗവും പരിചയപ്പെടുത്തി. അറുപതിലധികം മുതിർന്നവർക്ക് കുട്ടികൾ പരിശീലനം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് കെ. ജോർജ് അധ്യക്ഷത വഹിച്ചു. അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിൻസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
നിർമല കോളജ് എംസിഎ ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ഷെറി ഒ. പണിക്കർ, ജോയിന്റ് എച്ച്ഒഡി ഷെറിൻ മാത്യു, അധ്യാപകരായ ബിറ്റി ബേബി, തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.