ജീപ്പ് മോഷ്ടിച്ച മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ
1533972
Tuesday, March 18, 2025 12:07 AM IST
കട്ടപ്പന: ജീപ്പ് മോഷ്ടിച്ചു കടത്തിയ മൂന്നംഗ സംഘം പിടിയില്‍. കുമളി റോസാപ്പൂകണ്ടം ദേവിക ഭവനത്തില്‍ ജിഷ്ണു (34), കുമളി ഗാന്ധിനഗര്‍ കോളനി സ്വദേശി ഭുവനേശ് (23), റോസാപ്പൂകണ്ടം മേട്ടില്‍ അജിത്ത് (23) എന്നിവരാണ് പിടിയിലായത്. അണക്കര പാമ്പുപാറയില്നിന്നുമാണ് പ്രതികള്‍ ജീപ്പ് മോഷ്ടിച്ചു കടത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഘം പാമ്പുപാറ മൂലേപള്ളത്തു കുഞ്ഞുമോന് ഐസക്കിന്റെ ജീപ്പ് മോഷ്ടിച്ചത്. ജീപ്പ് തള്ളി സ്റ്റാര്‍ട്ടാക്കിയശേഷം തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു. വെളുപ്പിന് കുമളിയില്‍ വാഹനം ശ്രദ്ധയില്‍പ്പെട്ടയാള്‍ പോലീസിനെ വിവരമറിയിച്ചതാണ് പ്രതികളേ പിടികൂടാന്‍ സഹായമായത്. സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ഇടുക്കി എസ്പി വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന് എന്നിവരുടെ നിര്‍ദേശപ്രകാരം വണ്ടന്മേട് സിഐ എസ്. ഷൈന്‍കുമാര്‍, എസ്ഐമാരായ ബിനോയി ഏബ്രഹാം, അശോകന്, സിപിഒമാരായ ജയ്മോന്, ജയന്, ബിനു കെ. ജോണ്‍, സാല്‍ജോമോന്‍, അരുണ്‍ പീതാംബരന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.