ഇതരസംസ്ഥാന തൊഴിലാളിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു
1533969
Tuesday, March 18, 2025 12:07 AM IST
നെടുങ്കണ്ടം: തൂക്കുപാലം പുഷ്പകണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അസം സ്വദേശിനിയായ ബാലെ ടുടു (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അസം സ്വദേശിയായ ഭര്‍ത്താവ് ഷനിചാര് മര്‍ഡിയെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലുടമയില്‍നിന്നു പണം വാങ്ങി വീട്ടുസാധനങ്ങളും മദ്യവും വാങ്ങി ഭര്‍ത്താവും ഭാര്യയും പുഷ്പകണ്ടത്തുള്ള കൃഷിയിടത്തിലെ വീട്ടില്‍ എത്തി. അല്പസമയത്തിനുശേഷം ഭര്‍ത്താവിന്റെ സുഹൃത്ത് ഇവിടെയെത്തുകയും മൂവരും ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തു.
രാത്രി ഭാര്യയെയും സുഹൃത്തിനെയും ഒരുമിച്ച് കണ്ടതോടെ വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയുമായിരു ന്നു. അടിയേറ്റ സുഹൃത്ത് ഏലക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. ഇതിനുശേഷം ഭാര്യയെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. തടിക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയതോടെ ബോധരഹിതയായ ഇവരെ വലിച്ചിഴച്ച് വീടിനുള്ളില്‍ ഇട്ടു. തിങ്കളാഴ്ച രാവിലെ തൊഴിലുടമയെ വിളിച്ച് ഭാര്യ മരിച്ചതായി ഇയാള്‍ അറിയിച്ചു.
സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് ഭര്‍ത്താവിനെ രാവിലെതന്നെ കസ്റ്റഡിയിലെടുത്തു. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ് ഐ.എഎസ്, കട്ടപ്പന ഡിവൈഎസ്പി നിഷാന്ത് മോന്, നെടുങ്കണ്ടം സിഐ ജര്‍ലിന്‍ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍;
പോലീസ് കര്‍ശന നടപടിക്ക്
നെടുങ്കണ്ടം: മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് ശക്തമായ നടപടികള്‍ ആരംഭിച്ചതായി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാന്ത്മോന് അറിയിച്ചു.
തൊഴിലുടമകളുടെ പക്കല്‍നിന്നു കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട്. ഇത് ഊര്‍ജിതമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.