എംജി കലോത്സവം "ദസ്തകി'ന് തൊടുപുഴയിൽ തുടക്കമായി
1533958
Tuesday, March 18, 2025 12:07 AM IST
തൊടുപുഴ: എംജി സർവകലാശാല കലോത്സവം "ദസ്തക് അണ്ടിൽ ലാസ്റ്റ് ബ്രീത്തി'ന് തൊടുപുഴ അൽ അസ്ഹർ കോളജ് കാന്പസിൽ തുടക്കമായി. ഇന്നു മുതൽ ആറു ദിനങ്ങളിൽ ഒൻപതു വേദികളിലായി സർഗപ്രതിഭകൾ മാറ്റുരയ്ക്കും. സാഹിത്യകാരൻ പി.വി. ഷാജികുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ ചെയർപേഴ്സണ്‍ എം.എസ്. ഗൗതം അധ്യക്ഷത വഹിച്ചു. റിലീസിനു തയാറെടുക്കുന്ന ലൗലി എന്ന ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, ജോമോൻ ജ്യോതിർ, ആഷ്ലിൻ, അശ്വതി മനോഹർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, സിൻഡിക്കറ്റംഗം അഡ്വ. അമൽ ഏബ്രഹാം, ഡയറക്ടർ ഓഫ് ഡിപ്പാർട്ട്മെന്റ്സ് സ്റ്റുഡന്റ് സർവീസ് ഏബ്രഹാം കെ. സാമുവൽ, നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു, സംഘാടക സമിതി ചെയർമാൻ പി.ആർ. ശ്രീജേഷ്, കണ്‍വീനർ സഞ്ജീവ് സഹദേവൻ, ജനറൽ കണ്‍വീനർ ടോണി കുര്യാക്കോസ്, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എംഡി കെ.എം. മിജാസ്, യൂണിയൻ ജനറൽ സെക്രട്ടറി ലിനു കെ. ജോണ്‍ എന്നിവർ പ്രസംഗിച്ചു.
23 വരെ നടക്കുന്ന കലോത്സവത്തിൽ 88 ഇനങ്ങളിലാണ് മത്സരം. 278 കോളജുകളിൽനിന്നുള്ള 6,396 പേർ മാറ്റുരയ്ക്കും. അഞ്ച് ട്രാൻസ്ജൻഡർ വിദ്യാർഥികളും മത്സരത്തിന്റെ ഭാഗമാണ്. സ്റ്റാൻഡ് അപ് കോമഡിയടക്കം ഇത്തവണ 15 പുതിയ ഇനങ്ങളുണ്ട്.