ഗോത്ര സേന രൂപീകരിക്കണം: ആദിവാസി ഏകോപന സമിതി
1514499
Sunday, February 16, 2025 12:21 AM IST
തൊടുപുഴ: വനാതിർത്തികളിൽ വന്യമൃഗങ്ങളെ നേരിടാൻ ഗോത്രസേന രൂപീകരിക്കണമെന്ന് ആദിവാസി ഏകോപന സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി സർക്കാർ നിർദേശിച്ചിരിക്കുന്ന കർമപദ്ധതി വിവിധ ഫണ്ട് തട്ടിയെടുക്കാനുള്ള പദ്ധതികൾ മാത്രമാണെന്നും ഇവർ ആരോപിച്ചു. ആദിവാസികളെ വനത്തിൽനിന്നു തുരത്തി വനം വകുപ്പും എൻജിഒകളും അവിടം കൈയടക്കിയതിന്റെ അനന്തര ഫലമാണ് ഇപ്പോൾ വനവും വന്യജീവികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദുരന്തങ്ങൾക്ക് കാരണം.
വനാന്തരങ്ങളിലും വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിലുമായി 38 ഗോത്ര സമുദായങ്ങളാണ് കേരളത്തിൽ ജീവിച്ചു വരുന്നത്. ഇവരെല്ലാം വന്യമൃഗങ്ങളുടെ ജീവിതരീതിയും സഞ്ചാരവും മനസിലാക്കിയവരാണ്. എന്നാൽ ഗോത്രവർഗ സമൂഹങ്ങളെ വിശ്വാസത്തിലെടുക്കാതെ മൃഗങ്ങളും ഗോത്രങ്ങളും വനവും തമ്മിലുള്ള സന്തുലിതാവസ്ഥ തകിടം മറിച്ച് നടപ്പാക്കുന്ന അശാസ്ത്രീയ പരിഷ്കാരങ്ങളാണ് വന്യമൃഗശല്യത്തിന് അടിസ്ഥാന കാരണം. കുട്ടന്പുഴ മേഖലയിൽ കാട്ടാനശല്യം കുറഞ്ഞത് വന്യമൃഗങ്ങളെ നേരിടുന്നതിന് ഗോത്രവിഭാഗത്തിന്റെ പരന്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തിയതിനാലാണ്.
വനവിഭവങ്ങൾ ശേഖരിക്കുന്നതുൾപ്പെടെ കേന്ദ്ര വനാവകാശ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള ജീവിക്കാനുള്ള അവകാശം ആദിവാസികൾക്ക് ഉറപ്പുവരുത്തണം. കാട്ടുപന്നികളെ വേട്ടയാടാനും ഭക്ഷിക്കാനുമുളള ആദിവാസികളുടെ അവകാശം നിലനിർത്തണം. ഇക്കാര്യങ്ങൾ ഉന്നയിച്ച് വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലേക്ക് സംഘടനയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്നും ഗോത്ര മേഖലയിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ മാതൃക മുഖ്യമന്ത്രിക്കും ഗവർണർക്കും മന്ത്രിമാർക്കും സമർപ്പിക്കുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അശോക് കുമാർ, ജനറൽ സെക്രട്ടറി പി.എ. മോഹനൻ, ട്രഷറർ എം.ഐ. ശശീന്ദ്രൻ, ജില്ലാ പ്രസിഡന്റ് ഒ.എസ്. ശ്രീജിത് എന്നിവർ പങ്കെടുത്തു.