ലഹരിവിപത്തിനെതിരേ ഇനി കണ്ണടയ്ക്കില്ല: ലഹരിവിരുദ്ധ സമ്മേളനം
1531438
Sunday, March 9, 2025 11:44 PM IST
പാലാ: ലഹരിവിപത്തിനെതിരേ ഒറ്റക്കെട്ടായി പോരാടാന്‍ പാലായില്‍ ഇന്നലെ നടത്തിയ ലഹരിവിരുദ്ധ സമ്മേളനം തീരുമാനിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിളിച്ചുചേര്‍ത്ത അടിയന്തര സമ്മേളനത്തിലാണ് ലഹരിക്കെതിരേ ശക്തമായി പോരാടാനുറച്ച് പൊതുസമൂഹം രംഗത്തുവന്നത്. ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്മാര്, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ ബാഗ് പരിശോധന പാടില്ല, ക്ലാസ് റൂമുകളില്‍ കാമറ പാടില്ല തുടങ്ങിയ ചില നിയമങ്ങളെങ്കിലും തന്നെ കുട്ടികള്‍ക്ക് തെറ്റുകളെ സംരക്ഷിക്കുവാന്‍ കാരണമാകുന്നുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍മാര്‍ വിലയിരുത്തി.
ബാലാവകാശ കമ്മീഷന്റെ ചെയര്‍മാനായിരിക്കുന്നവര്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും അധ്യാപന പരിചയം ഉള്ളവര്‍ ആയിരുന്നാലേ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളെക്കുറിച്ച് മനസിലാക്കാനാകൂ. കോവിഡ് ബാധിച്ചയാളുടെ തുടക്കംമുതല്‍ ഒടുക്കം വരെയുള്ള റൂട്ട് മാപ്പ് വരെ കണ്ടെത്താന്‍ കാണിച്ച വ്യഗ്രത മാരക രാസലഹരി വില്പന കണ്ണികളുടെ കണ്ടെത്തലിന് ഉപയോഗിച്ചാല്‍ ലഹരിക്ക് തടയിടാന്‍ കഴിയുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ലഹരിക്കതിരേ ഒന്നിക്കണം:
കെസിബിസി മദ്യവിരുദ്ധ സമിതി
നെടുങ്കണ്ടം: മദ്യ- രാസ ലഹരി വിപത്തിനെതിരേ നാടാകെ ഒന്നിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത കമ്മിറ്റി ആഹ്വാനം ചെയ്തു. സമൂഹത്തില്‍ വലിയ ഭീഷണിയായി മാറുന്ന മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വര്‍ധനവ് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. സമസ്ത മേഖലകളിൽനിന്നു സാമൂഹിക തിന്മകള്ക്കെതിരേ പ്രതികരണങ്ങള്‍ ഉയരണമെന്നും തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയിൽ ചേര്‍ന്ന ഇടുക്കി രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. രൂപത ഡയറക്ടര്‍ ഫാ. തോമസ് വലിയമംഗലം, സില്‍ബി ചുനയമ്മാക്കല്‍, റോജസ് എം. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.