ലഹരിക്കെതിരേ യൂത്ത്ലീഗിന്റെ നൈറ്റ് അലർട്ട്
1531445
Sunday, March 9, 2025 11:44 PM IST
തൊടുപുഴ: സർക്കാരിന്റെ നിഷ്ക്രിയത്വം മൂലം കേരളം ലഹരി മാഫിയയുടെ ഹബ്ബായി മാറുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ പറഞ്ഞു.
ലഹരി വ്യാപനത്തിനെതിരേ സമൂഹ മനഃസാക്ഷിയെ ഉണർത്തുന്നതിനും വർധിച്ചുവരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സർക്കാർ ഉറക്കം നടിക്കുന്നതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് അലർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾക്കിടയിൽ പോലും ലഹരി മാഫിയ പിടിമുറുക്കുകയും വ്യാപകമായി വിപണനരംഗത്ത് സജീവമാകുകയും ചെയ്തിട്ടും പോലീസ് നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കാണുന്നതെന്നും ലഹരി ഉപയോഗം മൂലം മൃഗീയമായ കൊലപാതകങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടും സർക്കാർ അലംഭാവം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വടക്കംമുറി ജംഗ്ഷനിൽനിന്നാരംഭിച്ച പ്രതിഷേധറാലി മങ്ങാട്ട് കവല ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഗമിച്ചായിരുന്നു യൂത്ത് ലീഗ് പ്രതിഷേധം.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്.സുധീർ അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സംഗമത്തിന് ജനറൽ സെക്രട്ടറി പി.എം. നിസാമുദീൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എം. അബ്ബാസ് മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ടി.കെ. നവാസ്, സംസ്ഥാന പ്രവർത്തകസമിതിയംഗം സലിം കൈപ്പാടം, ജില്ലാ ഭാരവാഹികളായ ടി.എസ്. ഷംസുദീൻ, മൊയ്തു കുനിയിൽ, റഹീം പഴേരി, എ.എം. ഹാരിദ്, ജനറൽ സെക്രട്ടറി എം. എ. കരീം തുടങ്ങിയവർ പ്രസംഗിച്ചു.