ട്രാൻസ്ഫോർമറിന് ചക്കരക്കയർ വേലി
1531433
Sunday, March 9, 2025 11:44 PM IST
കുമളി: കേട്ടാൽ അത്ഭുതപ്പെടും ഇത് കുമളിയിലാണ്. അതും കുമളി ടൗണിൽ. ഏറെ അപകടം നിറഞ്ഞ വൈദ്യുതി ട്രാൻസ്ഫോർമറിന് വേലി ഒരുക്കിയിരിക്കുന്നത് വെറും ചക്കരക്കയർ കൊണ്ട്. അതും ചുമ്മാതെ അലക്ഷ്യമായി തലങ്ങും വിലങ്ങും കയർ കെട്ടിയിരിക്കുന്നു. ഫ്യൂസ് യൂണിറ്റിൽ പോലും ഈ ചക്കരക്കയർ കെട്ടിയിട്ടുണ്ട്. മഴ പെയ്താൽ കയർ നനഞ്ഞ് വൈദ്യുതി കയറിലൂടെ പ്രവഹിക്കാൻ സാധ്യത ഏറെ. ശബരിമല എന്ന് കാണിക്കുന്ന ഒരു ബോർഡും ട്രാൻസ്ഫോർമറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്.
ദിവസേനെ ആയിരങ്ങൾ കടന്നുപോകുന്ന തേക്കടി ജംഗ്ഷനിലാണ് കയർകെട്ടി വൈദ്യുതി ട്രാൻസ്ഫോർമറിനു കവചം ഒരുക്കിയിരിക്കുന്ന്. റോഡിന്റെ വശത്തെ ഓടയുടെ ഓരം പറ്റിയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. റോഡിലൂടെ നടന്നുപോകുന്ന ഒരാൾ കാൽ തെറ്റിയാൽ ട്രാൻസ്ഫോർമറിൽ വീഴും. കഷ്ടിച്ച് ഒരാൾ പൊക്കം പോലും ഇല്ലാതെയാണ് ട്രാൻസ്ഫോമർ വച്ചിരിക്കുന്നത്. ഹൈ വോൾട്ടേജ് കേബിളുകളും എൽടി കേബിളുകളും എല്ലാം തന്നെ നിലത്ത് മുട്ടി ഇഴഞ്ഞ് അലക്ഷ്യമായി കിടക്കുകയാണ്.