ജില്ലയിലെ ഏഴിടങ്ങൾ ഡെങ്കിപ്പനി ഹോട്ട്സ്പോട്ടുകൾ
1531437
Sunday, March 9, 2025 11:44 PM IST
ഇടുക്കി: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന വീക്കിലി വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്ക് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വണ്ടിപ്പെരിയാർ-രണ്ട്, വണ്ണപ്പുറം-രണ്ട്, കരുണാപുരം, വാഴത്തോപ്പ്, ചിന്നക്കനാൽ, കോടിക്കുളം, ചക്കുപള്ളം എന്നിവിടങ്ങളിൽ ഒന്നു വീതമാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.
വേനൽമഴ പെയ്ത സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനാൽ കൊതുകു വളരുന്നതിനുളള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാധ്യതയുളളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുളള പറന്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഫ്രിഡ്ജിന്റെ പിന്നിലെ ടാങ്ക്, ഇൻഡോർ പ്ലാന്റ്സ്, ഫ്ളഷ് ടാങ്ക്, കുപ്പി,പാട്ട,ചിരട്ട,അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ,കളിപ്പാട്ടങ്ങൾ, ടാപ്പിംഗ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുകിന്റെ പോളകൾ, വീടിന്റെ സണ് ഷെയ്ഡുകൾ, വെളളം നിറച്ച അലങ്കാര കുപ്പികൾ , ഉപയോഗശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ, മരപ്പൊത്തുകൾ തുടങ്ങി വെളളം തുടർച്ചയായി കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ട്. അവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനു ശ്രദ്ധിക്കണം.
മുട്ടയിൽനിന്നു കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയം എടുക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ച് ഒഴിവാക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം വിനിയോഗിച്ച് ഡ്രൈഡേ ആചരിക്കണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജി.ജോസഫ് അറിയിച്ചു.