സിവിൽ സ്റ്റേഷൻ അനക്സ്: ടെൻഡർ നടപടി തുടങ്ങി- പി.ജെ. ജോസഫ് എംഎൽഎ
1531446
Sunday, March 9, 2025 11:44 PM IST
തൊടുപുഴ: മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമാണത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു. മുണ്ടേക്കല്ലിൽ 23 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സിവിൽ സ്റ്റേഷൻ അനക്സ് നിർമാണത്തിനായി നേരത്തേ വിട്ടുനൽകിയിരുന്നു.
അംഗീകരിച്ച പ്ലാൻ പ്രകാരം എട്ടു നിലകളിലായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് 52,000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. മെയിൻ ബിൽഡിംഗ് നിർമാണത്തിനു പുറമേ ഫയർ ഫൈറ്റിംഗ് പ്രവൃത്തികൾ, വാട്ടർ ടാങ്ക് നിർമാണം, കോന്പൗണ്ട് വാൾ നിർമാണം, ഇലക്ട്രിക്കൽ പ്രവൃത്തികൾ, ഇലക്ട്രോണിക്സ് പ്രവൃത്തികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകളാണ് ഇവിടെ പ്രവർത്തന സജ്ജമാക്കുന്നത്. മുകളിലത്തെ നിലയിൽ കോണ്‍ഫറൻസ് ഹാളും സജീകരിക്കും. ടെണ്ടർ നടപടി പൂർത്തിയായാലുടൻ നിർമാണ ജോലി ആരംഭിക്കുമെന്നും ജോസഫ് പറഞ്ഞു.