വന്യജീവി ആക്രമണം: നിയമഭേദഗതിക്കായി കേരള കോണ്ഗ്രസ്-എം ധർണ ഡൽഹിയിൽ
1531414
Sunday, March 9, 2025 8:30 AM IST
തൊടുപുഴ: വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്തി ആളുകളെ ആക്രമിക്കുന്നതും ജീവഹാനി വരുത്തുന്നതും തുടർസംഭവമായ സാഹചര്യത്തിൽ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഉടൻ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ 27നു ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടി എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വിഘാതമായി നിൽക്കുകയാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ.
ഇവ കാലോചിതമായി ഭേദഗതി ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ സമരം നടത്തുന്നത്.
ജനവാസമേഖയിലും കൃഷി ഭൂമിയിലും ഇറങ്ങി നാശം വിതയ്ക്കുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമംഭേദഗതി ചെയ്യണം.
കേരളത്തിൽ വനാതിർത്തി പങ്കിടുന്ന 16,452 കിലോമീറ്റർ പ്രദേശത്തു സംരക്ഷണവേലിയും കിടങ്ങും നിർമിക്കാൻ നബാർഡിന്റെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ സംസ്ഥാന സർക്കാർ പദ്ധതി തയാറാക്കണം. വനാതിർത്തി പങ്കിടുന്ന കേരളത്തിലെ 51 നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാർ, 223 പഞ്ചായത്തുകൾ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കണം.
വനാതിർത്തികൾ പങ്കിടുന്ന മേഖലകളിലെ എംപിമാർ സംരക്ഷണവേലിക്കും കിടങ്ങുനിർമാണത്തിനുമായി കൂടുതൽ തുക വകയിരുത്തണം. കേരളത്തിനായി എംപിമാർ ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. ഡൽഹിയിലെ സമരത്തിനു മുന്നോടിയായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വിപുലമായ കർഷകസദസും സംഘടിപ്പിക്കും. 15നു പെരുവന്താനം പഞ്ചായത്തിൽ മുപ്പത്തഞ്ചാംമൈലിലും 21ന് വൈകുന്നേരം നാലിന് വണ്ണപ്പുറത്തും മാർച്ച് 22ന് കഞ്ഞിക്കുഴിയിലും 23ന് മൂന്നാറിലും പൂപ്പാറയിലുമാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
അടുത്തമാസം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന വാഹനജാഥയും സംഘടിപ്പിക്കും.
പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് 1964 റൂൾ അനുസരിച്ച് വിതരണം ചെയ്യുന്ന പട്ടയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി നടപടിയും സിഎച്ച്ആർ കേസിന്റെ പേരിൽ 1964 റൂൾ പട്ടയ നടപടികൾ നിർത്തിവയ്ക്കുവാനുള്ള സുപ്രീം കോടതി നടപടിയും പിൻവലിച്ച് കർഷകർക്ക് അനുകൂലമായ തീരുമാനം കോടതികളിൽനിന്ന് ഉണ്ടാകുന്നതിന് സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്ര സമ്മേളനത്തിൽ പാർട്ടി നേതാക്കളായ പ്രഫ. കെ.ഐ. ആന്റണി, ജോസ് പാലത്തിനാൽ, റെജി കുന്നംകോട്ട്, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, മനോജ് മാമല എന്നിവർ പങ്കെടുത്തു.