പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി വനിതാ ദിനാഘോഷവും അവാർഡ് ദാനവും നടത്തി
1531440
Sunday, March 9, 2025 11:44 PM IST
പീരുമേട്: പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ വനിതാ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വനിതാദിനാഘോഷം കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ നടത്തി. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി സമ്മേളനം ഉദ്ഘാടനം ചെയ്തു. പിഡിഎസ് കട്ടപ്പന യൂണിറ്റ് ഡയറക്ടറും കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോസ് പറപ്പള്ളി അധ്യക്ഷത വഹിച്ചു.
പിഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. സാബു ജോൺ പനച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി. പിഡിഎസ് ജോയിന്റ് ഡയറക്ടർ ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. റോയി നെടുംതകിടിയിൽ, പ്രോഗ്രാം ഡയറക്ടർ ഡോ. സിബി ജോസഫ്, ചിന്നാർ യൂണിറ്റ് ആനിമേറ്റർ മേഴ്സി റോയി, പ്രോജക്ട് കോ-ഓർഡിനേറ്റർ ജോമോൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു.
വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിൽ വിജയിയായ അനിത തോമസ് (ചെന്നാക്കുന്ന് യൂണിറ്റ്), മികച്ച വനിതാ സംരംഭകയായി പി.സി. സിന്ധു (സീതത്തോട് യൂണിറ്റ്), മികച്ച പച്ചക്കറി കൃഷി കുടുംബമായി ജോയ്ക്ക് ജോസ് തയ്യിൽ കുടുംബം (കോഴിമല യൂണിറ്റ്), വനിതാ പ്രതിഭകളായി മെറീന റ്റോമി (രാജഗിരി യൂണിറ്റ്), സി.ആർ. രാജമ്മ (എരുമേലി യൂണിറ്റ്), കെ.ഒ. മറിയാമ്മ (തുലപ്പള്ളി യൂണിറ്റ്) എന്നിവരെ അവാർഡ് നൽകി ആദരിച്ചു.
2024 - 25 വർഷത്തിൽ മേഖലാതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച യൂണിറ്റുകളായി ചപ്പാത്ത്, നരിയംമ്പാറ യൂണിറ്റുകളെയും മികച്ച പ്രവർത്തനം കാഴ്ചവച്ച യൂണിറ്റുകൾക്കുള്ള പ്രോത്സാഹന സമ്മാനത്തിന് എരുമേലി, പാലൂർക്കാവ്, തുലാപ്പള്ളി, ഗ്രേസ് മൗണ്ട് എന്നീ യൂണിറ്റുകളെയും തെരഞ്ഞെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികളും വിവിധ സ്വയം സഹായ സംഘങ്ങളുടെയും കർഷക കമ്പനികളുടെയും സംരംഭങ്ങളുടെ പ്രദർശനവും ഉൽപ്പന്നങ്ങളുടെ വിപണവും ഇതോടനുബന്ധിച്ച് നടത്തി.